എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും
എസ്‌ഐആറിന് മുന്‍പ് മരവിപ്പിച്ച വോട്ടര്‍പട്ടികയില്‍ 2.78 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്.
Publish Date: Mon, 06 Apr 2026 (16:52 IST)
Updated Date: Mon, 06 Apr 2026 (16:12 IST)
കേരള നിയമസഭ തിരഞ്ഞെടുപ്പ് മുന്നോടിയായി നടപ്പിലാക്കിയ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ഗണിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്നതായി വിലയിരുത്തല്‍. എസ്‌ഐആറിന് ശേഷം 7 ലക്ഷത്തിലധികം വോട്ടര്‍മാരുടെ കുറവാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. എന്‍ഡിഎ മുന്നേറ്റം പ്രതീക്ഷിക്കുന്ന തിരുവനന്തപുരം ജില്ലയിലാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായിരിക്കുന്നത്. 3.03 ലക്ഷം വോട്ടര്‍മാരാണ് ജില്ലയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ 30,000 മുതല്‍ 46,000 വോട്ടുകളുടെ കുറവാണുള്ളത്.
എസ്‌ഐആറിന് മുന്‍പ് മരവിപ്പിച്ച വോട്ടര്‍പട്ടികയില്‍ 2.78 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. മാര്‍ച്ച് 23ന് എസ്‌ഐആര്‍ അന്തിമപട്ടിക വന്നപ്പോള്‍ ഇത് 2.71 കോടിയായി. 140 മണ്ഡലങ്ങളില്‍ 93 മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു. വോട്ടര്‍മാരുടെ വര്‍ധന രേഖപ്പെടുത്തിയ 47 മണ്ഡലങ്ങളും വടക്കന്‍ കേരളത്തിലാണ്. തിരുവനന്തപുരം ജില്ലയിലെ 4 മണ്ഡലങ്ങളിലും എറണാകുളം ജില്ലയിലെ ഒരു മണ്ഡലത്തിലും 30,000ത്തിലധികം വോട്ടര്‍മാരുടെ കുറവ് രേഖപ്പെടുത്തി.
41 മണ്ഡലങ്ങളില്‍ 10,000നും 20,000ത്തിനും ഇടയില്‍ വോട്ടര്‍മാര്‍ കുറഞ്ഞു. 27 മണ്ഡലങ്ങളില്‍ 5,000 മുതല്‍ 10,000 വരെയും 20 മണ്ഡലങ്ങളില്‍ 5000ത്തിന് താഴെയും കുറവുണ്ട്. ത്രികോണ മത്സരം നടക്കുന്ന ചെറിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളെയാകും ഈ കണക്കുകള്‍ സ്വാധീനിക്കുക.