കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുമോ; ഏറ്റവുംകൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍, ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 182 കേസുകള്‍
വൈറസുകളുടെ വകഭേദങ്ങളായ ഒമിക്രോണ്‍ ജെഎന്‍1 ഉപ വകഭേദങ്ങളായ എല്‍എഫ്.7, എന്‍ബി1.8 എന്നിവയാണ്.
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ദിനം പ്രതി ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിലവിലെ വ്യാപനത്തിന് പിന്നില്‍ പുതിയ വൈറസുകളുടെ വകഭേദങ്ങളായ ഒമിക്രോണ്‍ ജെഎന്‍1 ഉപ വകഭേദങ്ങളായ എല്‍എഫ്.7, എന്‍ബി1.8 എന്നിവയാണ്. വളരെ വേഗത്തില്‍ പകരുമെങ്കിലും ഈ വകഭേദങ്ങള്‍ അത്ര ഗുരുതരമല്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍, കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും തമിഴ്നാടും ഉണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യത കൂടുതലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. മെയ് മാസത്തില്‍ ഇതുവരെ കേരളത്തില്‍ 182 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കോട്ടയം (57), എറണാകുളം (34), തിരുവനന്തപുരം (30) എന്നിവയാണ്.
ഐഎംഎ ഗവേഷണ സെല്ലിന്റെ കണ്‍വീനര്‍ ഡോ. രാജീവ് ജയദേവന്‍ പറയുന്നതനുസരിച്ച്, നിലവില്‍ രോഗികള്‍ക്ക് നേരിയ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്, സാധാരണയായി ആശുപത്രി പ്രവേശനം ആവശ്യമില്ല. ചിലര്‍ക്ക് ക്ഷീണവും ശരീരവേദനയും അനുഭവപ്പെടാം. പക്ഷേ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അവര്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നാണ്.
കോവിഡ് ഒരു ചാക്രിക വൈറല്‍ രോഗമാണ്, സീസണല്‍ അല്ലെന്നും ഡോ. രാജീവ് വിശദീകരിക്കുന്നു. ഒരു പ്രത്യേക സീസണില്‍ മാത്രം കാണപ്പെടുന്നവയാണ് സീസണല്‍ രോഗങ്ങള്‍.