‘ശബരിമലയില്‍ നടന്നത് വന്‍കലാപ നീക്കം, സംഘർഷം സംസ്ഥാനമാകെ വ്യാപിക്കുമായിരുന്നു’ - വെളിപ്പെടുത്തലുമായി ദേവസ്വം മന്ത്രി
‘ശബരിമലയില്‍ നടന്നത് വന്‍കലാപ നീക്കം, സംഘർഷം സംസ്ഥാനമാകെ വ്യാപിക്കുമായിരുന്നു’ - വെളിപ്പെടുത്തലുമായി ദേവസ്വം മന്ത്രി
ശബരിമലയിൽ വൻ കലാപത്തിനുള്ള നീക്കം നടന്നുവെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞത് കൊണ്ടാണ് താൻ ഇന്ന് ഇടപെട്ടത്. കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണമെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ മന്ത്രി കൂട്ടിച്ചേർത്തു.
സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാൻ നോക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
ദേവസ്വം മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-
വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാൻ ഇടപെട്ടത്. ശബരിമലയിൽ കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. ആക്റ്റീവിസ്റ്റായ യുവതികൾ പമ്പയിൽ നിന്നും നടപന്തലിൽ എത്തുന്നത് വരെ രണ്ടേകാൽ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നുവെന്നത് ചില അന്തർധാരകളുടെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവർ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘർഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാൻ നോക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിനില്ല.