Kerala on High Alert: കേരളത്തിലും അതീവജാഗ്രത, റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ വർധിപ്പിച്ചു
കൊച്ചിയുടെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കി.
ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തുടനീളം പുലര്‍ത്തുന്ന ജാഗ്രതയുടെ ഭാഗമായി തന്ത്രപ്രധാനമായ സ്ഥലങ്ങളായ വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങള്‍,കര, നാവിക,വ്യോമസേന താവളങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി.
കൊച്ചിയുടെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കി. കൊച്ചി വിമാനത്താവളം, ഐഎന്‍എസ് ദ്രോണാചാര്യ, ഐഎന്‍എസ് ഗരുഡ, നാവിക വിമാനത്താവളം,ഐഎന്‍എച്ച്ച്എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ എണ്ണശുദ്ധീകരണശാല, എല്‍എന്‍ജി ടെര്‍മിനല്‍, ഷിപ്പ്യാര്‍ഡ്, കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു. അണക്കെട്ടുകള്‍ക്കുള്ള സുരക്ഷയും തുടരും.