ക്രിമിനൽ കേസിലെ പ്രതികളുടെ വീട് പരിശോധനയ്ക്ക് പുതിയ മാനദണ്ഡങ്ങളുമായി കേരള പൊലീസ്. പ്രതികളുടെ വീട് പരിശോധിക്കുന്ന ശൈലി മാറ്റാനുള്ള തീരുമാനത്തിലാണ് പൊലീസ്. ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയില്ലെങ്കിലും വാക്കാലുള്ള നിര്‍ദേശം പൊലീസ് ആസ്ഥാനത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചെന്നാണ് വിവരം.
യൂണിവേഴ്സിറ്റി കോളേജ് കുത്തു കേസിലെ മുഖ്യ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസിന് അവിടെ നിന്ന് കിട്ടിയ ചില സാധനങ്ങള്‍ കുത്തു കേസിനെക്കാളും അമൂല്യമായിരുന്നുവെന്ന തിരിച്ചറിവിനെ തുടർന്നാണ് ഇനി മുതൽ പ്രതികളുടെ വീട് പരിശോധിക്കുന്നതിന്റെ രീതി മാറ്റാൻ തീരുമാനമായത്.
യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കിട്ടിയതിനെ തുടര്‍ന്ന് പി.എസ്.സി പരീക്ഷാ തട്ടിപ്പ് വരെ പുറത്ത് കൊണ്ടുവരാനായത് സേനയ്ക്ക് പൊന്‍തൂവലായെന്നാണ് പൊലീസ് കരുതുന്നത്. അതിനാൽ, ഇനി മുതൽ പ്രതികളുടെ വീട് മുഴുവൻ അരിച്ചുപെറുക്കാനാണ് പൊലീസ് തീരുമാനമെന്നാണ് സൂചന.