സംസ്ഥാനത്തെ 75 പോലീസ് സ്റ്റേഷനുകളില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും സംവിധാനങ്ങളും അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉദ്ഘാടനം ചെയ്തു. 75 പോലീസ് സ്റ്റേഷനുകളിലെയും ശിശുസൗഹൃദ ഇടങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സും സംഘടിപ്പിച്ചു.
അടുത്ത മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്തെ 482 പോലീസ് സ്റ്റേഷനുകളിലും ശിശു സൗഹൃദ ഇടങ്ങള്‍ സ്ഥാപിക്കുമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുത്ത സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനില്‍ എത്തുന്ന മാതാപിതാക്കളോടൊപ്പം വരുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാന്‍ ഈ സംവിധാനം ഉപകരിക്കും. ടി.വി, പുസ്തകങ്ങള്‍, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറാന്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അതേ മാനസികാവസ്ഥ തന്നെ സമൂഹത്തോടും കാണിക്കാനാവുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ എല്ലാ ജീവനക്കാരും കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിവരിച്ചു.