കേരളം അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണെന്നും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ബജറ്റ് പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രതിസന്ധിയെ അതിജീവിച്ച കേരളം ടേക്ക് ഓഫിന് തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം അതിവേഗ റെയില്‍വേ പാത കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമം ഇനിയും തുടരുമെന്നും ധനമന്ത്രി അറിയിച്ചു.
കൂടാതെ തിരുവനന്തപുരം മെട്രോ യാഥാര്‍ത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വികസനം കൊണ്ടുവരുമെന്നും മന്ത്രി ബജറ്റ് അവതരണ വേളയില്‍ അറിയിച്ചു. 2025 അവസാനത്തോടെ ദേശീയപാത ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയപാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് 6000 കോടി രൂപയോളം നാഷണല്‍ ഹൈവേ അതോറിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.