Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ ജനവിഭാഗങ്ങളെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിക്കും, ശക്തമായ ജനകീയ ക്യാമ്പയിന് സർക്കാർ

Pinarayi Vijayan

അഭിറാം മനോഹർ

, തിങ്കള്‍, 24 മാര്‍ച്ച് 2025 (14:59 IST)
ലഹരി വിപത്തിനെതിരെ പൊരുതാന്‍ സര്‍ക്കാര്‍ ശക്തമായ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ജനങ്ങളെയും ഒന്നിപ്പിച്ച് ഏപ്രില്‍ മുതല്‍ ഒരു വലിയ ലഹരി വിരുദ്ധ ക്യാമ്പെയ്ന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലുള്ള എല്ലാ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും ഒന്നിപ്പിച്ചാണ് ഈ ക്യാമ്പെയ്ന്‍ നടത്തുന്നത്.
 
മയക്കുമരുന്നിനെതിരെയുള്ള ക്യാമ്പെയിനിന്റെ ഭാഗമായി നിയമസഭയില്‍ നടന്ന ഉന്നത തല യോഗത്തില്‍ മുഖ്യമന്ത്രി സംസാരിച്ചു. ഈ മാസം 30-ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍ത്തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും.
 
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന ഒരു സമിതി ലഹരി വിരുദ്ധ രൂപരേഖ തയ്യാറാക്കും. എല്‍.പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരി വിരുദ്ധ ബോധവല്‍ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികളെ കായിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കണം. ഹോസ്റ്റലുകളും പൊതു സ്ഥലങ്ങളും ലഹരി മുക്തമാണെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളണം. പരിശോധന കര്‍ശനമാക്കണം. പോലീസിന്റെയും എക്‌സൈസിന്റെയും നിയമനിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണം. ലഹരി വില്‍പ്പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കൈക്കൊള്ളണം. മയക്കുമരുന്ന് കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങണം. സ്‌നിഫര്‍ ഡോഗുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. ആവശ്യമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ട് നടപടികള്‍ എടുക്കണം. ഓണ്‍ലൈന്‍ ലഹരി വ്യാപാരം തടയാനുള്ള നടപടികള്‍ ശക്തമാക്കും. വിമാനത്താവളങ്ങള്‍, റെയില്‍വേ, തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണം. അതിര്‍ത്തികളിലെ പോലീസ് പരിശോധന ശക്തമാക്കണം. കൊറിയറുകള്‍, പാര്‍സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതികള്‍ മന്ത്രിമാര്‍ വിശദീകരിച്ചു. യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, എം.ബി. രാജേഷ്, ഒ.ആര്‍. കേളു, ആര്‍. ബിന്ദു, വി. അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ എ. ജയതിലക്, കെ.ആര്‍. ജ്യോതിലാല്‍, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, പി. വിജയന്‍, എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരി വിപത്തിനെ നേരിടാന്‍ ജനകീയ ക്യാമ്പയിന്‍; സര്‍ക്കാര്‍ നേതൃത്വം നല്‍കും