Kerala Weather: അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; പെരുംമഴയ്ക്കു സാധ്യത, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മേയ് 29 വരെ മത്സ്യബന്ധനത്തിനു പോകാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്
Kerala Weather: സംസ്ഥാനത്ത് 11 ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മേയ് 26 തിങ്കളാഴ്ച റെഡ് അലര്‍ട്ട്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴകൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മേയ് 29 വരെ മത്സ്യബന്ധനത്തിനു പോകാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച (മേയ് 26) അവധിയാണ്. സ്‌കൂളുകളില്‍ സ്‌പെഷല്‍ ക്ലാസുകള്‍ വയ്ക്കരുതെന്നും അതതു ജില്ലകളിലെ കലക്ടര്‍മാര്‍ ഉത്തരവിട്ടു. കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.