വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രതി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ (23) ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിലെ ടോയ്ലറ്റില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. ഉണങ്ങാനിട്ടിരുന്ന തുണി ഉപയോഗിച്ചാണ് അഫാന്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. സംഭവത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. അതേസമയം, കൂട്ടക്കൊലയിലെ ആദ്യ കുറ്റപത്രം ഇന്നലെ പോലീസ് സമര്‍പ്പിച്ചിരുന്നു. പ്രതിയായ അഫാന്റെ പിതൃ മാതാവ് സല്‍മ ബീവി (91) കൊല്ലപ്പെട്ട കേസില്‍ നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഫാന്റെ സഹോദരന്‍ അഹ്സാന്‍, കാമുകി ഫര്‍സാന, പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.
ഫെബ്രുവരി 24 നാണ് കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. പാങ്ങോട് സ്വദേശിയായ മുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയാണ് അഫാന്‍ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. നാലുപേരെക്കൂടി കൊലപ്പെടുത്തിയ ശേഷം പ്രതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പാങ്ങോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ പാങ്ങോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പിതമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിയുമായി നടത്തി. അഫാന്‍ ചുറ്റിക വാങ്ങിയ കട, സല്‍മാ ബീവിയുടെ മാല പണയം വച്ച സ്ഥാപനം, ചുറ്റിക സൂക്ഷിക്കാന്‍ ബാഗ് വാങ്ങിയ കട, പണം നിക്ഷേപിച്ച എടിഎം എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി. പണമിടപാട് സ്ഥാപനത്തിലെ കടയുടമകളും ജീവനക്കാരും പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.