Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളമടക്കമുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഈ മാസം അതിശക്തമായ മഴ ലഭിക്കാനുള്ള കാരണം എന്താണ്?

കേരളമടക്കമുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഈ മാസം അതിശക്തമായ മഴ ലഭിക്കാനുള്ള കാരണം എന്താണ്?
, ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (16:31 IST)
കേരളം, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ പത്തിനു ശേഷം അതിശക്തമായ മഴയാണ് പെയ്തത്. ഈ സംസ്ഥാനങ്ങളില്‍ പലയിടത്തും ശക്തമായ പേമാരിയില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. അസാധാരണമായ മഴയാണ് കേരളത്തില്‍ അടക്കം കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെയ്തത്. എന്താണ് ഇതിനു കാരണം? 
 
മണ്‍സൂണ്‍ പിന്‍വാങ്ങാന്‍ വൈകിയതാണ് പ്രധാന കാരണം. സാധാരണ പിന്‍വാങ്ങേണ്ട സമയവും കഴിഞ്ഞ് ഇത്തവണ മണ്‍സൂണ്‍ തുടര്‍ന്നു. മണ്‍സൂണ്‍ പിന്‍വാങ്ങാന്‍ വൈകിയ പലയിടത്തും ഒക്ടോബര്‍ മധ്യത്തോടെ അതിശക്തമായ മഴ ലഭിക്കുകയായിരുന്നു. മണ്‍സൂണ്‍ പിന്‍വാങ്ങാന്‍ വൈകിയതിനൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഒക്ടോബറില്‍ രൂപംകൊണ്ട തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങളും അതിശക്തമായ മഴയ്ക്ക് കാരണമായെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആയി രണ്ട് ന്യൂനമര്‍ദങ്ങളാണ് രൂപംകൊണ്ടത്. 
 
ഒക്ടോബര്‍ മാസത്തില്‍ ഇത്രയും കൂടിയ അളവിലുള്ള മഴ അസാധാരണമാണ്. തെക്ക്-പടിഞ്ഞാറ് മണ്‍സൂണ്‍ ഒക്ടോബര്‍ തുടക്കത്തിലാണ് സാധാരണയായി പൂര്‍ണമായി പിന്‍വാങ്ങേണ്ടത്. അതിനുശേഷം വടക്ക്-കിഴക്ക് മണ്‍സൂണ്‍ വരേണ്ടത് ഈ കാലയളവിലാണ്. ഇത്തവണ ഇതില്‍ കാലതാമസം വന്നു. നാല് മാസം നീണ്ടുനില്‍ക്കുന്ന തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കേരളത്തില്‍ കാലവര്‍ഷം) ശക്തമായ മഴയോടും ഇടിമിന്നലോടും കൂടി പിന്‍വാങ്ങേണ്ടത് സെപ്റ്റംബര്‍ പകുതിക്ക് ശേഷമാണ്. എന്നാല്‍, ഇത്തവണ ഒക്ടോബര്‍ ആറിനു ശേഷമാണ് തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങല്‍ ആരംഭിച്ചത് തന്നെ. സാധാരണ സെപ്റ്റംബര്‍ 17 ന് വടക്ക്-പടിഞ്ഞാറ് ഇന്ത്യയില്‍ രാജസ്ഥാന്‍ ഭാഗത്തു നിന്നാണ് കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിക്കുന്നത്. പക്ഷേ, ഇത്തവണ ഒക്ടോബര്‍ ആറിനാണ് കാലവര്‍ഷം രാജസ്ഥാന്‍ ഭാഗത്തുനിന്ന് പിന്‍വാങ്ങാന്‍ ആരംഭിച്ചത് തന്നെ. 
 
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃത്യസമയത്ത് തന്നെ ഇത്തവണ മണ്‍സൂണ്‍ എത്തിയിരുന്നു. ഇപ്പോഴും തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങിയിട്ടില്ല. കേരളത്തില്‍ നിന്ന് ഇതുവരെ കാലവര്‍ഷം പിന്‍വാങ്ങിയിട്ടില്ലാത്തതിനാല്‍ വരും ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും. കേരളത്തില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം പിന്‍വാങ്ങല്‍ സൂചനകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ 25/27 നു ശേഷം തുലാവര്‍ഷം കേരളത്തില്‍ എത്തിച്ചേരാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. 
 
അറബിക്കടലില്‍ രൂപംകൊണ്ട ഒരു ന്യൂനമര്‍ദം കേരള തീരത്തിലൂടെ സഞ്ചരിക്കുകയും ഈ ന്യൂനമര്‍ദം കേരള തീരത്ത് ശക്തമായി നിലകൊള്ളുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 15 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് കാരണമായത് ഈ പ്രതിഭാസമാണ്. ഇതേ സമയം തന്നെ ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരങ്ങളിലും ഒഡീഷയുടെ തെക്കന്‍ തീരങ്ങളിലുമായി മറ്റൊരു ന്യൂനമര്‍ദം രൂപംകൊണ്ടിരുന്നു. കേരളത്തില്‍ പല ജില്ലകളിലും നിര്‍ത്താതെയുള്ള മഴയ്ക്ക് ഇത് കാരണമായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫുട്‌ബോള്‍ സോക്‌സ് ഓഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് ബ്രാ: മാറ്റിത്തരില്ലെന്ന് മിന്ത്ര പറഞ്ഞതോടെ യുവാവ് ചെയ്തത്!