പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന കോൺക്ലേവിൽ ശശി തരൂർ എംപിയെ പുകഴ്ത്തി കോൺഗ്രസിലെ യുവനേതാക്കൾ. ഹൈബി ഈഡൻ എംപി,മാത്യു കുഴൽനാടൻ എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെഎസ് ശബരീനാഥൻ എന്നിവരാണ് തരൂരിന് പരസ്യപിന്തുണയുമായി രംഗത്തെത്തിയത്.
എത്ര വലിയ സൂപ്പർതാരങ്ങളുണ്ടെങ്കിലും ഐക്യത്തോട് കൂടി കളിക്കുന്ന ടീമിനാണ് ഫുട്ബോളിൽ വിജയിക്കാൻ സാധിക്കുകയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഗോളടിക്കുന്നവർ സ്റ്റാർ ആകുന്നത് പതിവാണ്. ഗോളടിക്കുന്നവരാണ് സ്റ്റാറാകുക. അവരുടെ ഫ്ളെക്സ് ബോർഡുകൾ വരുന്നതും പ്രാധാന്യം ലഭിക്കുന്നതും പതിവാണ്. പക്ഷേ ആ ടീമിനെ പിടിച്ചുനിർത്തുന്നത് ഗോളിയാണ്. പ്രവർത്തകരാണ് ആ ഗോളി എന്നാണ് ഞാൻ കരുതുന്നത്. അവരെ നിരാശരാക്കുന്ന നിലപാട് പാർട്ടി നേതാക്കളിൽ നിന്ന് ഉണ്ടാകരുതെന്നാണ് ആഗ്രഹം. മാത്യു കുഴൽനാടൻ പറഞ്ഞു.
തരൂരിനെ ഇന്ത്യയ്ക്ക് ഇനിയും ആവശ്യമുണ്ടെന്ന് ഹൈബി ഈഡൻ പറഞ്ഞു. കോൺഗ്രസ് പാർട്ടി തരൂരിൻ്റെ സാമർഥ്യം പ്രയോജനപ്പെടുത്തണമെന്നും ലോകം തരൂരിൻ്റെ വാക്കുകൾക്കായി കാതോർത്തിരിക്കുകയാണെന്നും ഹൈബി ഈഡൻ പറഞ്ഞു. ആരെയും ബെഞ്ചിലിരുത്താതെ എല്ലാവരെയും മുന്നോട്ടു കൊണ്ടുവരികയാണെങ്കില്‍ പാര്‍ട്ടിക്കും നാടിനും ഗുണമുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാനൗപാധ്യക്ഷൻ കെ എസ് ശബരീനാഥൻ പറഞ്ഞു.