അങ്ങനെ ചക്കയും പുലിയായി; ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു
അങ്ങനെ ചക്കയും പുലിയായി; ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു
ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. കൃഷി മന്ത്രി വിഎസ് സുനിൽ കുമാറാണ് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്. ചക്കയുടെ ഉല്‍പാദനവും വില്‍പ്പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. പരമാവധി പേര്‍ക്ക് പ്ലാവിന്റെ തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലമായി ചക്കയെ സർക്കാർ പ്രഖ്യാപിച്ചത്. ചക്കയെ ഔദ്യോഗിക ഫലമാക്കണമെന്നതു സംബന്ധിച്ച നിർദേശം കാർഷിക വകുപ്പാണ് മുന്നോട്ടുവച്ചത്. കൃഷി വകുപ്പ് ഇത് സംബന്ധിച്ച റിപ്പോർട്ട് നേരത്തെ തന്നെ സർക്കാരിന് കൈമാറിയിരുന്നു.
രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും 'കേരളത്തിൽ നിന്നുള്ള ചക്ക' എന്ന ബ്രാൻഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായിക്കൂടിയാണ് ഈ ഔദ്യോഗിക പ്രഖ്യാപനം. ചക്കയെ പ്രത്യേക ബ്രാൻഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.