'കേരളീയം 2023' ന് തുടക്കം; തരംഗമായി താരരാജാക്കന്‍മാരുടെ ചിത്രം
ഇന്നു മുതല്‍ നവംബര്‍ ഏഴ് വരെയാണ് 'കേരളീയം 2023' ആഘോഷം നടക്കുക
കേരളപ്പിറവി വാരാഘോഷമായ 'കേരളീയം 2023' ന് തിരുവനന്തപുരത്ത് തുടക്കം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കമലും മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മൂവരും കേരള തനിമയില്‍ ഷര്‍ട്ടും മുണ്ടും ധരിച്ചാണ് 'കേരളീയം 2023' ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
ഇന്നു മുതല്‍ നവംബര്‍ ഏഴ് വരെയാണ് 'കേരളീയം 2023' ആഘോഷം നടക്കുക. കേരളത്തിന്റെ നേട്ടങ്ങളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യം. കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ 25 സെമിനാറുകള്‍ അഞ്ച് വേദികളിലായി നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കും.