മറ്റൊരു ടി പി ആകുമോ ഷാജഹാൻ? ഭയത്തോടെ കുടുംബം
ഷാജഹാന് ടിപിയുടെ അനുഭവമുണ്ടാകുമെന്ന് പേടിയെന്ന് ഭാര്യ
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ പൊലീസ് ആസ്ഥാനത്ത് നടത്താനിരുന്ന സമരത്തെ പിന്തുണക്കാനെത്തി ജയിലിലടക്കപ്പെട്ട കെഎം ഷാജഹാന് ടിപി ചന്ദ്രശേഖരന്റെ അനുഭവമുണ്ടാകുമോ എന്ന് ഭയക്കുന്നുവെന്ന് ഭാര്യ കരോളിന്. മാധ്യമം ദിനപത്രത്തോടായിരുന്നു കരോളിന്റെ പ്രതികരണം.
ലാവ്ലിന് കരാറിലെ അഴിമതിയെ കുറിച്ച് നിരന്തരം ഷാജഹാന് സാംസാരിച്ചു. ഇതാണ് പിണറായി വിജയന്റെ ശത്രുതക്ക് കാരണം. ഷാജഹാന് നടത്തിയത് അഴിമതിക്കെതിരായ പോരാട്ടമാണ്. പൊലീസ് ഉദ്യോഗസ്ഥരും ശത്രുക്കളായി. ഷാജഹാന് നടത്തിയതെല്ലാം ഒറ്റയാള്‍ പോരാട്ടമായിരുന്നുവെന്നും കരോളിന് പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മയുടെ വിങ്ങല്‍ ടിവിയില്‍ കണ്ടപ്പോള്‍ ഷാജഹാന് സഹിക്കാനായില്ല. അങ്ങനെയാണ് രാവിലെ അവര്‍ക്കൊപ്പം ചേരാന്‍ വീട്ടില്‍ നിന്ന് പോയത്. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ഷാജഹാനോട് പ്രതികാരം വീട്ടുകയാണെന്നും ഷാജഹാന്റെ അമ്മ ഇന്നലെ ആരോപിച്ചിരുന്നു.