പ്രധാനമന്ത്രിക്കായി കാത്തിരിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ; സർക്കാരിന് അഹങ്കാരമെന്ന് ബിജെപി - കൊച്ചി മെട്രോ ഉദ്ഘാടനം വിവാദത്തില്‍
പ്രധാനമന്ത്രി പങ്കെടുത്തേക്കില്ല; കൊച്ചി മെട്രോ ഉദ്ഘാടനം വിവാദത്തില്‍
കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി പ്രഖ്യാപനം വിവാദത്തിൽ. ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചിരിക്കുന്ന മേയ് 30ന് പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.
ജർമനി, റഷ്യ, സ്പെയിൻ എന്നിവിടങ്ങളിലേക്കാണ് അദ്ദേഹത്തിന്‍റെ യാത്ര. മുൻകൂട്ടി നിശ്ചയിച്ച പരിപാടി മാറ്റിവയ്ക്കാനാകില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് 30മുതൽ ജൂൺ മൂന്ന് വരെയാണ് പ്രധാനമന്ത്രിയുടെ യൂറോപ്യൻ പര്യടനം.
ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
എന്തെങ്കിലും സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയാകും കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരും മറ്റ് നേതാക്കളും ചടങ്ങിനുണ്ടാകും. സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് തന്നെ ഉദ്ഘാടനം നടത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നുവെങ്കിലും ഇതു വരെ മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് വിവരം.
അതേസമയം, പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെ മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചതിനെച്ചൊല്ലി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി കേരള ഘടക രംഗത്തെത്തി.
മേയ് 30ന് നിശ്ചയിച്ചിരിക്കുന്ന ചടങ്ങിന് പ്രധാനമന്ത്രി എത്തില്ലെന്നു വ്യക്തമാണ്. ഉദ്ഘാടന ചടങ്ങിൽനിന്നു പ്രധാനമന്ത്രിയെ മനഃപൂർവം ഒഴിവാക്കാനുള്ള ആസൂത്രിതമായ ശ്രമമാണിത്. സംസ്ഥാന സർക്കാരിന് അഹങ്കാരവും അസഹിഷ്ണുതയുമാണെന്നും ബിജെപി ആരോപിച്ചു.