ജോളിയെ അറസ്റ്റ് ചെയ്തത് ഇഷ്ടപ്പെടാത്ത ഒരാൾ മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് കോടിയേരി ബാലകൃഷ്ണൻ
മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു കോടിയേരിയുടെ പരാമർശം.
കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതിയെ കണ്ടുപിടിച്ചത് എൽഡിഎഫിന്റെ മിടുക്കാണെന്ന് കോടിയേരി ബാലകൃഷ്ണൻ. ജോളിയെ അറസ്റ്റ് ചെയ്തത് ഇഷ്ടപ്പെടാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണെന്നും കോടിയേരി പറഞ്ഞു. മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു കോടിയേരിയുടെ പരാമർശം.
തെരഞ്ഞെടുപ്പ് സമയത്ത് പ്രതിയെ പിടികൂടാൻ കഴിയില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രതിയെ പിടികൂടാതിരുന്നെങ്കിൽ നല്ല ജോളിയായേനെ എന്നും കോടിയേരി പറഞ്ഞു. കൂടത്തായി കേസുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ച വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് കോടിയേരിയുടെ പരിഹാസം.
കൂടത്തായി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാസങ്ങൾക്കു മുമ്പെ പോലീസിന് ലഭിച്ചിട്ടും നടപടി എടുക്കാതിരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.