Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിപക്ഷത്തിന് ഇടതുനേതാക്കള്‍ ആയുധം നല്‍കരുത്; ശത്രുവർഗത്തിന്റെ കുത്തിത്തിരിപ്പുകളെ എൽഡിഎഫ് ഒന്നിച്ചു നേരിടണം: കാനത്തിന് മറുപടിയുമായി കോടിയേരി

കാനത്തിന് മറുപടിയുമായി കോടിയേരി

പ്രതിപക്ഷത്തിന് ഇടതുനേതാക്കള്‍ ആയുധം നല്‍കരുത്; ശത്രുവർഗത്തിന്റെ കുത്തിത്തിരിപ്പുകളെ എൽഡിഎഫ് ഒന്നിച്ചു നേരിടണം: കാനത്തിന് മറുപടിയുമായി കോടിയേരി
കണ്ണൂര്‍ , ശനി, 15 ഏപ്രില്‍ 2017 (12:26 IST)
ശത്രുക്കള്‍ക്ക് മുതലെടുക്കുന്നതിനുള്ള സാഹചര്യം ഇടത് നേതാക്കള്‍ തന്നെ ഉണ്ടാക്കരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിന് ആയുധമാക്കാൻ സാധിക്കുന്ന തരത്തിലുള്ള വാക്കോ പ്രവർത്തിയോ മുന്നണിയിലെ ഒരു ഘടകക്ഷികളിൽനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ പതിനൊന്ന് മാസങ്ങള്‍ കൊണ്ട് ഇടതുസര്‍ക്കാര്‍ വലിയ നേട്ടമുണ്ടാക്കി. അഴിമതിരഹിത ഭരണത്തിന് തുടക്കം കുറിക്കാനും ഈ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 
 
ഭരണപരമായ അഭിപ്രായ ഭിന്നതകളെക്കുറിച്ച് പരസ്യമായി വിളിച്ചുപറയുകയും അതിലൂടെ വിവാദമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നുമുള്ള മുന്നറിയിപ്പും അദ്ദേഹം സിപിഐയ്ക്കു നൽകി. സ്വന്തം രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും നിലവില്‍ മുന്നണിക്കകത്തില്ല. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രചരിപ്പിക്കാനായിരുന്നു ശ്രമം നടന്നത്. എന്നാല്‍ ഇതരസംസ്ഥാനത്ത് നിന്നുള്ള മാവോയിസ്റ്റുകളായിരുന്നു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
 
സർക്കാരിനും സിപിഎമ്മിനുമെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പല പരാമർശങ്ങളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപയോഗിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇക്കാര്യത്തിൽ ചെന്നിത്തലയുടെ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍, മഹിജയുടെ സമരം, പൊലീസ് വകുപ്പിന്റെ പ്രവര്‍ത്തനം എന്നീ കാര്യങ്ങളില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ നേതാക്കള്‍ രംഗത്തത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് കോടിയേരി നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുന്നു; ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന്​ഉത്തരകൊറിയ, നാവികസേനയെ വിന്യസിച്ച് അമേരിക്ക