തിരുവനന്തപുരം: ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി താമസിക്കുന്ന മുറിയുടെ മുന്നിലേക്ക് ആയുധധാരിയായ അക്രമി കടന്നു കയറിയത് അത്യന്തം ഗൗരവമുള്ള സംഭവമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കേരള ഹൗസിന്റെ സുരക്ഷാ ചുമതല കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദില്ലി പോലീസിനാണ്. ദില്ലി പോലീസ് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണത്തില്‍ വന്ന ഗുരുതരമായ വീഴ്ചകൊണ്ടാണ് ആയുധവുമായി ഒരാള്‍ക്ക് മുഖ്യമന്ത്രി താമസിച്ച മുറിയുടെ മുന്നില്‍ എത്തിച്ചേരാന്‍ സാധിച്ചതെന്ന് കോടിയേരി പറഞ്ഞു.
അക്രമി കത്തി കാട്ടി ഭീഷണി മുഴക്കികൊണ്ടിരുന്നപ്പോൾ അയാളെ കീഴ്പ്പെടുത്താനുള്ള ശ്രമം ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ദൽഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷനം നടത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.