'കഷണ്ടിയുള്ള മാമന്‍'; ആറ് വയസുകാരി വിവരിച്ചു, സ്മിതയും ഷജിത്തും വരച്ചു !
തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഒരു 'കഷണ്ടിയുള്ള മാമന്‍' ഉണ്ടായിരുന്നെന്ന് കുട്ടി പറഞ്ഞിരുന്നു
കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചതില്‍ രേഖാചിത്രം മുഖ്യപങ്കു വഹിച്ചു. തട്ടിക്കൊണ്ടു പോകലിനു ഇരയായ ആറ് വയസുകാരിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് രേഖാചിത്രം തയ്യാറാക്കിയത് ദമ്പതികളായ സ്മിതയും ഷജിത്തും ചേര്‍ന്നാണ്. ഇരുവരും ചിത്രകാരായ ദമ്പതികളാണ്. ആദ്യമായാണ് ഇരുവരും ചേര്‍ന്ന് ഇത്തരത്തിലൊരു രേഖാചിത്രം വരയ്ക്കുന്നത്. അഞ്ച് മണിക്കൂര്‍ കൊണ്ടാണ് രേഖാചിത്രം പൂര്‍ത്തിയാക്കിയത്.
തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഒരു 'കഷണ്ടിയുള്ള മാമന്‍' ഉണ്ടായിരുന്നെന്ന് കുട്ടി പറഞ്ഞിരുന്നു. ഇയാള്‍ക്ക് കണ്ണടയുണ്ടെന്നും കുട്ടി പറഞ്ഞു. അതില്‍ നിന്നാണ് രേഖാചിത്രം തയ്യാറാക്കല്‍ തുടങ്ങിയത്. ഓരോ ഘട്ടത്തിലും പിന്നീട് കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പ്രതിയെ പിടികൂടിയപ്പോള്‍ രേഖാചിത്രം എത്രത്തോളം സാമ്യമുള്ളതാണെന്ന് കണ്ട് എല്ലാവരും ഞെട്ടി. പ്രതികളെ കണ്ട രണ്ട് ദൃക്‌സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരങ്ങളും രേഖാചിത്രത്തില്‍ നിര്‍ണായകമായി.
അതേസമയം ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ മാമ്പാള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പ്രതികള്‍ സമ്മതിച്ചു. പദ്മകുമാര്‍ ഒന്നാം പ്രതിയും ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും പ്രതികളുമാണ്.