വിനോദ യാത്രക്കിടെ പെണ്‍കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം; ഐസ്‌ക്രീമിലും ചോക്ലേറ്റിലും ലഹരിയെന്ന് സംശയം !
ശാസ്താംകോട്ട ഗവ.എച്ച്.എസ്.എസിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് കഴിഞ്ഞ ദിവസം മൈസൂരു, കുടക് എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോയിരുന്നു
വിനോദ യാത്രക്കിടെ ശാരീരിക അവശതകളെ തുടര്‍ന്നു പ്ലസ് ടു വിദ്യാര്‍ഥിനികള്‍ ചികിത്സയിലായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.
ശാസ്താംകോട്ട ഗവ.എച്ച്.എസ്.എസിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് കഴിഞ്ഞ ദിവസം മൈസൂരു, കുടക് എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോയിരുന്നു. യാത്രക്കിടെ ഒരു പെണ്‍കുട്ടിക്ക് വയ്യാതായി. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പിന്നീട് തിരിച്ചെത്തുന്നതിനിടെ മറ്റൊരു പെണ്‍കുട്ടി അബോധാവസ്ഥയില്‍ ആകുകയും ചെയ്തു. ഈ കുട്ടിയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ട് വിദ്യാര്‍ഥിനികളും ഇപ്പോള്‍ ചികിത്സയിലാണ്.
യാത്രക്കിടെ പുറത്തുനിന്ന് കഴിച്ച മഷ്‌റൂം ചോക്ലേറ്റിലും ജ്യൂസിലും ലഹരി കലര്‍ന്നിരുന്നതായി സംശയമുണ്ട്. ഇതാണ് ബുദ്ധിമുട്ടിനു കാരണമായതെന്നു പരാതിയുണ്ട്. പൊലീസ് ഇക്കാര്യം വിശദമായി അന്വേഷിക്കും. രഹസ്യാന്വേഷണ വിഭാഗം സ്‌കൂളിലെത്തി അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം വിദ്യാര്‍ഥികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.