Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷെഡ്യൂള്‍ റദ്ദാക്കിയ വിവരം യാത്രക്കാരനെ അറിയിച്ചില്ല; കെ.എസ്.ആര്‍.ടി.സിക്ക് 20,000 രൂപ പിഴ

ആറ്റുകാല്‍ പൊങ്കാല കാരണം വലിയ തിരക്കായതിനാല്‍ ചില ട്രിപ്പുകള്‍ റദ്ദാക്കേണ്ടിവന്നുവെന്നും ബുക്ക് ചെയ്തവരെ വിവരമറിയിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തിയിരുന്നുവെന്നുമായിരുന്നു കെ.എസ്.ആര്‍.ടി.

ഷെഡ്യൂള്‍ റദ്ദാക്കിയ വിവരം യാത്രക്കാരനെ അറിയിച്ചില്ല; കെ.എസ്.ആര്‍.ടി.സിക്ക് 20,000 രൂപ പിഴ

രേണുക വേണു

, ചൊവ്വ, 3 ഡിസം‌ബര്‍ 2024 (16:12 IST)
കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്ത വിവരം അറിയിക്കാത്തതിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. വെളിമുക്ക് പാലയ്ക്കല്‍ സ്വദേശി അഭിനവ് ദാസ് നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 
 
2024 ഫെബ്രുവരി 25ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് രാവിലെ പത്തിനു മൂവാറ്റുപുഴയിലേക്ക് പോകാനാണ് ലോ ഫ്ളോര്‍ ബസ്സില്‍ 358 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തത്. രാവിലെ 9.30ന് ബസ് സ്റ്റോപ്പില്‍ എത്തിയ പരാതിക്കാരന്‍ ഉച്ചയ്ക്ക് ഒരു മണിവരെ ബസ് കാത്തുനിന്നു. ലഭ്യമായ നമ്പറുകളിലെല്ലാം വിളിച്ച് അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് കിട്ടിയില്ല. ഗുരുതരമായ കാഴ്ചാപരിമിതിയുള്ളയാള്‍ കൂടിയായതിനാല്‍  യാത്രക്കാരന്‍ വലിയ പ്രയാസം അനുഭവിക്കാന്‍ ഇട വന്നു. ഇതിനെ തുടര്‍ന്നാണ് പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 
 
ആറ്റുകാല്‍ പൊങ്കാല കാരണം വലിയ തിരക്കായതിനാല്‍ ചില ട്രിപ്പുകള്‍ റദ്ദാക്കേണ്ടിവന്നുവെന്നും ബുക്ക് ചെയ്തവരെ വിവരമറിയിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തിയിരുന്നുവെന്നുമായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം.

ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ നടപടി എടുത്തിട്ടുണ്ടെന്നും ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. എന്നാല്‍ ഷെഡ്യൂള്‍ റദ്ദ് ചെയ്ത വിവരം പരാതിക്കാരനെ അറിയിക്കുകയോ പകരം യാത്രാസംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്തില്ലെന്നും കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കും വരെ ടിക്കറ്റ് വില തിരിച്ചു നല്‍കാന്‍ നടപടി ഉണ്ടായില്ലെന്നും ബോധ്യപ്പെട്ടതിനാല്‍ പരാതിക്കാരന് നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ച്ചെലവായി 5,000 രൂപയും നല്‍കാന്‍ കമ്മീഷണര്‍ വിട്ടു.  
 
ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കാത്തപക്ഷം 12% പലിശയും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും  പ്രീതി ശിവരാമന്‍, സി.വി.മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

December 3, Weather Alert: പുതുക്കിയ മഴ മുന്നറിയിപ്പ്