തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് കെ.സുധാകരനെ മാറ്റണം; കോണ്‍ഗ്രസില്‍ 'പോര്' രൂക്ഷം
രാഷ്ട്രീയകാര്യ സമിതിയും കെപിസിസി ഭാരവാഹിയോഗവും ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും നേതൃമാറ്റം ചര്‍ച്ച ചെയ്യണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു
കോണ്‍ഗ്രസില്‍ കെ.സുധാകരനെതിരായ പോര് രൂക്ഷമാകുന്നു. നേതൃമാറ്റം വേണമെന്ന നിലപാടിലാണ് കെപിസിസിയിലെ ഒരു വിഭാഗം. സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതിനോടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അതൃപ്തിയുണ്ട്. സുധാകരനൊപ്പം മുന്നോട്ടു പോകാന്‍ പ്രയാസമുണ്ടെന്നാണ് സതീശന്‍ എഐസിസി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
രാഷ്ട്രീയകാര്യ സമിതിയും കെപിസിസി ഭാരവാഹിയോഗവും ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും നേതൃമാറ്റം ചര്‍ച്ച ചെയ്യണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതാണെന്ന് സതീശന്‍ വിഭാഗം നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.
സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി കെപിസിസി ഭാരവാഹികളില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. ഡി.സി.സി പ്രസിഡന്റുമാരെ മുഴുവനായോ പ്രവര്‍ത്തനമികവ് ഇല്ലാത്തവരെ മാത്രമായോ മാറ്റുകയെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്. അതേസമയം സുധാകരനെ പ്രസിഡന്റ് സ്ഥാനത്തു നിലനിര്‍ത്തി പ്രവര്‍ത്തനമികവ് ഇല്ലാത്ത കെപിസിസി ഭാരവാഹികളെ മാത്രം മാറ്റണമെന്ന അഭിപ്രായമാണ് സുധാകരന്‍ അനുകൂലികള്‍ മുന്നോട്ടുവയ്ക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പിന്തുണ സുധാകരനുണ്ട്.