കെഎസ്ആർടിസിയിൽ അഴിച്ചുപണി; മുങ്ങിയ ജീവനക്കാർക്കെതിരെ നടപടിയുമായി മാനേജ്‌മെന്റ്
മുങ്ങിയ ജീവനക്കാർക്കെതിരെ നടപടിയുമായി മാനേജ്മെന്റ്
തിരുവനന്തപുരം: ദീർഘകാല അവധിയ്‌ക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കാത്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയുമായി മാനേജ്മെന്റ്. 5 വർഷത്തെ അവധി കഴിഞ്ഞിട്ടും ജോലിക്ക് തിരികെ പ്രവേശിക്കാത്ത 73 ജീവനക്കാർക്ക് നോട്ടീസ് നൽകി. 5 വർഷത്തേക്ക് അവധിയെടുത്ത് വിദേശത്തും ഇന്ത്യയ്‌ക്കകത്തും ജോലി ചെയ്യുന്ന 391 ജീവനക്കാർ അടുത്തമാസം 10-നകം ജോലിയിൽ ഹാജരാകണമെന്നും കോർപ്പറേഷൻ അറിയിച്ചു.
നിശ്ചിത സമയത്തിനുള്ളിൽ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ നീക്കം ചെയ്യാനാണ് തീരുമാനം. ജീവനക്കാരില്ലാതെ ട്രിപ്പുകൾ മുടങ്ങുന്ന സാഹചര്യത്തിലാണ് ഈ കർശന നടപടിയുമായി മാനേജുമെന്റ് മുന്നോട്ടുവന്നത്. കണ്ടക്‌ടർ, ഡ്രൈവർ, മെക്കാനിക്ക്, ടയർ ഇൻസ്‌പെക്‌ടർ, പമ്പ് ഓപ്പറേറ്റർ, എഡിഇ തസ്‌തികയിലുള്ളവരാണ് ഇതുവരെ ജോലിയിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർ. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് കെഎസ്ആര്‍ടിസിയില്‍ 34,966 സ്ഥിരം ജീവനക്കാരാണുള്ളത്.
കോർപ്പറേഷന്റെ ചട്ടങ്ങളനുസരിച്ച് 5 വർഷം വരെ ദീർഘകാല അവധിയെടുക്കാൻ ജീവനക്കാർക്ക് അവധിയെടുക്കാനാകും. യൂണിറ്റ് മേധാവികളുടെ അനുമതിയോടെ 14 ദിവസം വരെ തുടർച്ചയായി അവധിയെടുക്കാനാകുമെങ്കിലും 14 ദിവസം കഴിഞ്ഞാൽ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ യൂണിറ്റ് മേധാവി ഭരണവിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്‌ടർക്ക് അയയ്‌ക്കണം. ഭരണ വിഭാഗം മേധാവി അംഗീകരിച്ചാൽ മാത്രമേ അവധിയിൽ തുടരാനാകൂ. 90 ദിവസം വരെയുള്ള അവധി ഭരണവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുവദിക്കാനാകും. ഇതുകഴിഞ്ഞാല്‍ സിഎംഡിയുടെ അനുവാദം വേണം.