Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യമുള്ളവരാണ് കെ‌എസ്‌ആര്‍‌ടി‌സിയില്‍ ജോലി ചെയ്യേണ്ടത്, വനിതാ കണ്ടക്ടര്‍ ഹൗ ആര്‍ യൂ എന്നു ചോദിച്ചാല്‍ പിറ്റേന്നും യാത്രക്കാരന്‍ ബസില്‍ കയറും: തച്ചങ്കരി

ആരോഗ്യമുള്ളവരാണ് കെ‌എസ്‌ആര്‍‌ടി‌സിയില്‍ ജോലി ചെയ്യേണ്ടത്, വനിതാ കണ്ടക്ടര്‍ ഹൗ ആര്‍ യൂ എന്നു ചോദിച്ചാല്‍ പിറ്റേന്നും യാത്രക്കാരന്‍ ബസില്‍ കയറും: തച്ചങ്കരി
കൊച്ചി , തിങ്കള്‍, 23 ഏപ്രില്‍ 2018 (16:21 IST)
അസുഖമുണ്ടെന്ന പേരില്‍ കെ എസ് ആര്‍ ടി സിയില്‍ പലര്‍ക്കും ലളിതമായ ഡ്യൂട്ടിയിടുന്ന രീതിയുണ്ടായിരുന്നുവെന്നും അതു നിര്‍ത്തലാക്കിയതായും സിഎംഡി ടോമിന്‍ ജെ തച്ചങ്കരി. ആരോഗ്യമുള്ളവരാണ് ഇവിടെ ജോലി ചെയ്യേണ്ടതെന്നും കയ്യും കാലും ഹൃദയവും ഇല്ലാത്തവര്‍ക്കു വേണ്ടിയുള്ളതല്ല കെഎസ്ആര്‍ടിസിയെന്നും തച്ചങ്കരി വ്യക്തമാക്കി. ലോകത്തെ എല്ലാ ദുഃഖങ്ങളും കെഎസ്ആര്‍ടിസിക്ക് മാറ്റാനാകില്ല. കെഎസ്ആര്‍ടിസി ഉണ്ടാക്കിയത് യാത്രക്കാര്‍ക്കു വേണ്ടിയാണെന്നും തൊഴിലാളികള്‍ക്കു വേണ്ടിയല്ലെന്നും തച്ചങ്കരി ഓര്‍മ്മിപ്പിച്ചു. 
 
എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു ടോമിന്‍ ജെ തച്ചങ്കരി. കെ എസ് ആര്‍ ടി സി തൊഴില്‍ സംസ്കാരത്തില്‍ മാറ്റം വരുത്തണമെന്നും യാത്രക്കാരോടു നന്നായി പെരുമാറണമെന്നും തച്ചങ്കരി പറഞ്ഞു. ഒരു വനിതാ കണ്ടക്ടര്‍ യാത്രക്കാരനോട് ഹൗ ആര്‍ യൂ എന്നു ചോദിച്ചാല്‍ പിറ്റേന്നും അയാള്‍ ആ കെഎസ്ആര്‍ടിസി ബസില്‍ തന്നെ കയറും - തച്ചങ്കരി പറഞ്ഞു. 
 
കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ എനിക്ക് മക്കളെപ്പോലെയാണ്. ഞാന്‍ തൊഴിലാളികളുടെ പിതാവും കെഎസ്ആര്‍ടിസി മാതാവുമാണ്. അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുന്ന ജീവനക്കാര്‍ അവരുടെ മാതാവിനെ രോഗിയാക്കുകയാണ്. ജോലി ചെയ്യുന്നവര്‍ക്കും ചെയ്യാത്തവര്‍ക്കും ഒരുപോലെ ശമ്പളം എന്ന സ്ഥിതി ഇനി നടക്കില്ല - തച്ചങ്കരി വ്യക്തമാക്കി. 
 
ഡീസല്‍ കാശും ഡ്രൈവര്‍ ബാറ്റയുമെങ്കിലും കിട്ടാതെ ബസ് ഓടിച്ചിട്ട് കാര്യമില്ല. ലാഭകരമല്ലാത്ത റൂട്ടില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടാലും ബസ് നല്‍കില്ല. കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പഠിക്കാനായി ഓരോ ദിവസവും ഓരോ ജീവനക്കാരന്‍റെ ജോലി ചെയ്യാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ ഭാര്യയെ കാണാതായാൽ നിങ്ങൾ വീട്ടിൽ പോയ്‌ കിടന്നു സുഖമായി ഉറങ്ങുമോ? - ഡിജിപിയോട് ലിഗയുടെ ഭർത്താവ് ചോദിച്ചു