മന്ത്രി കെ.ടി.ജലീല്‍ രാജിവച്ചു. അല്‍പസമയം മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറിയത്. ബന്ധു നിയമനക്കേസില്‍ ജലീല്‍ കുറ്റക്കാരനാണെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ലോകായുക്ത ഉത്തരവുണ്ട്. ഇതിനു പിന്നാലെയാണ് രാജി. ലോകായുക്ത ഉത്തരവിനെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിര്‍ത്തി രാജിവയ്ക്കുന്നു എന്നാണ് ജലീല്‍ രാജിക്കത്തില്‍ പറയുന്നത്. എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്ന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ജലീല്‍ ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ.ടി.ജലീല്‍. നേരത്തെ പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്ത് ഇ.പി.ജയരാജനും രാജിവച്ചിരുന്നു. എന്നാല്‍, പിന്നീട് ക്ലീന്‍ ചിറ്റ് വാങ്ങി ജയരാജന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തി.