Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈയില്‍ കമ്പി വടിയും വാളും, പ്രത്യേക ആയുധ പരിശീലനം ലഭിച്ചവര്‍, എതിര്‍ത്താല്‍ കൊല്ലാനും മടിക്കില്ല; കുറുവ സംഘം കേരളത്തില്‍, പകല്‍ സമയം ആക്രിസാധനങ്ങള്‍ ശേഖരിക്കാന്‍ വീട്ടിലെത്തും

കൈയില്‍ കമ്പി വടിയും വാളും, പ്രത്യേക ആയുധ പരിശീലനം ലഭിച്ചവര്‍, എതിര്‍ത്താല്‍ കൊല്ലാനും മടിക്കില്ല; കുറുവ സംഘം കേരളത്തില്‍, പകല്‍ സമയം ആക്രിസാധനങ്ങള്‍ ശേഖരിക്കാന്‍ വീട്ടിലെത്തും
, ചൊവ്വ, 3 ഓഗസ്റ്റ് 2021 (12:18 IST)
ദേശീയപാതകളിലും വ്യാപാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും കവര്‍ച്ച നടത്തുന്ന കുറുവ സംഘം സംസ്ഥാന അതിര്‍ത്തിയില്‍ എത്തിയതായി സ്ഥിരീകരണം. കവര്‍ച്ചാ സംഘം നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കേരള-തമിഴ്‌നാട് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചെറിയ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും ഇവര്‍ കവര്‍ച്ച നടത്തുന്നുണ്ട്. 
 
പകല്‍ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വില്‍ക്കുന്നവരുടെ വേഷത്തിലാണ് കുറുവ സംഘം വീട്ടിലെത്തുക. പൊട്ടിയ ബക്കറ്റ് ഒട്ടിക്കാനെന്ന പേരിലും ഇവര്‍ വീടുകളിലെത്തും. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവര്‍ച്ചയ്ക്ക് ഇറങ്ങുക. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നവരെ വകവരുത്താനും ഇവര്‍ ശ്രമിച്ചേക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കവര്‍ച്ചയ്ക്ക് ശേഷം തിരുനേല്‍വേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി. ഇവരുടെ കൈയില്‍ കമ്പി വടിയും വാളും ഉണ്ടാകും. പ്രത്യേക ആയുധ പരിശീലനം ലഭിച്ചവരാണ് ഇവര്‍. മോഷണത്തിനിടെ ആരെങ്കിലും എതിര്‍ത്താല്‍ ക്രൂരമായി ഇവര്‍ ഉപദ്രവിക്കും. ശരീരത്തില്‍ മുഴുവന്‍ എണ്ണതേച്ചു മുഖംമൂടി ധരിച്ചാണ് രാത്രിയില്‍ ഇവര്‍ മോഷണത്തിനു ഇറങ്ങുക. 

 
തമിഴ്‌നാട് കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള മധുക്കരയിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ കുറുവ സംഘത്തെ കണ്ടെത്തിയത്. ആയുധവുമായി റോഡിലൂടെ പതുങ്ങി നടക്കുന്ന മൂന്ന് പേരാണ് സിസിടിവി ക്യാമറയില്‍ അകപ്പെട്ടത്. കവര്‍ച്ച നടത്താനെത്തുന്നതും വീടുകളില്‍ കയറി സാധനങ്ങളുമായി മടങ്ങുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ കേരളത്തിലേക്കും കടന്നിട്ടുണ്ടാകാമെന്നാണു പൊലീസ് സംശയിക്കുന്നത്. അസാമാനമായ ശാരീരികക്ഷമത ഉള്ളവരാണ് കുറുവ സംഘം. 
 
പ്രത്യേകമായൊരു താവളം കേന്ദ്രീകരിച്ചല്ല ഇവര്‍ കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കില്‍ പാലങ്ങള്‍ക്കടിയിലോ ആണ് തമ്പടിക്കുക.അതിര്‍ത്തികളില്‍ അസ്വാഭാവികമായി അപരിചിതരെ കാണുകയാണെങ്കില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി