Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറ്റിപ്പുറം കൊലപാതകം: പത്തിഞ്ച് ചെരുപ്പ് തെളിവായി

കുറ്റിപ്പുറം കൊലപാതകം: പത്തിഞ്ച് ചെരുപ്പ് തെളിവായി

എ കെ ജെ അയ്യര്‍

, ചൊവ്വ, 22 ജൂണ്‍ 2021 (20:34 IST)
കുറ്റിപ്പുറം: ബുദ്ധിയും ശക്തിയും ഉപയോഗിച്ചു കുറ്റങ്ങള്‍ മറയ്ക്കാന്‍ എത്ര ശ്രമിച്ചാലും ദൈവം ഒരു തെളിവ് അവശേഷിപ്പിക്കും എന്നതാണ് സത്യം. അതുപോലെയാണ് രണ്ട് ദിവസം മുമ്പ് കുറ്റിപ്പുറത്തെ കുഞ്ഞിപ്പാത്തുമ്മ കൊലചെയ്യപ്പെട്ട സംഭവത്തിലെ പത്ത് ഇഞ്ചുള്ള ചെരുപ്പ് നല്‍കിയ തെളിവും. നടുവട്ടം നാഗപ്പറമ്പ് വെള്ളാറമ്പില്‍  തിരുവാകാലത്തില്‍ കുഞ്ഞിപ്പാത്തുമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടതുമായി  അയല്‍വാസിയായ ചീരംകുളങ്ങര മുഹമ്മദ് ഷാഫി എന്ന 33 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
 
വിദേശത്തു ജോലി ചെയ്തിരുന്ന ഷാഫി രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. നേരം വെളുത്തിട്ടു ഏറെ നേരമായിട്ടും പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്നു അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് കുഞ്ഞിപ്പാത്തുമ്മ കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വീട്ടില്‍ നിന്ന് കുറച്ചു പണവും കാണാതെ പോയതായി പോലീസ് കണ്ടെത്തി. എന്നാല്‍ പ്രഥമദൃഷ്ട്യാ ഉള്ള തെളിവുകള്‍ ശേഖരിച്ചപ്പോള്‍ രക്തത്തില്‍ മുങ്ങിയ ഒരു ചെരുപ്പിന്റെ അടയാളവും സംഭവ സ്ഥലത്തു നിന്ന് ലഭിച്ചു. ഇത് വച്ച് നടത്തിയ അന്വേഷണത്തില്‍ നാല്പത്തെട്ടു മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസ് പൊക്കുകയും ചെയ്തു.
 
സംഭവം ഇങ്ങനെ, വിദേശത്തു നിന്ന് തിരിച്ചെത്തിയ മുഹമ്മദ് ഷാഫി തന്റെ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പണം ധാരാളം കൈവശമുള്ള ഒറ്റയ്ക്ക് താമസിച്ചിരുന്ന കുഞ്ഞിപ്പാത്തുമ്മ എന്ന വയോധികയെ ആയിരുന്നു കണ്ടുവച്ചത്. മോഷണം ആയിരുന്നു ഉദ്ദേശമെങ്കിലും അത് കൊലപാതകത്തില്‍ കലാശിച്ചു. കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടില്‍ നിന്ന് ആറ് വീടുകള്‍ അകലെയാണ് ഷാഫിയുടെ വീട്. കൊലപാതക ദിവസം അതായത്, പതിനേഴാം തീയതി രാത്രി കുറച്ചു സുഹൃത്തുക്കള്‍ക്കൊപ്പം മുഹമ്മദ് ഷാഫി നന്നായി മദ്യപിച്ചു.
 
ഇവര്‍ പോയശേഷം പന്ത്രണ്ടരയോടെയാണ് ഇയാള്‍ കുഞ്ഞിപ്പാത്തുവിന്റെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. എന്നാല്‍ ഇവരുടെ പല പഴ്സുകളിലായി മൂന്നര ലക്ഷത്തോളം രൂപ അവിടെ ഉണ്ടായിരുന്നെങ്കിലും എഴുപതിനായിരം രൂപയോളം മാത്രമേ കിട്ടിയുള്ളൂ. ഒന്നും അറിയാത്ത മട്ടില്‍ ഇയാള്‍ വീട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
 
പിറ്റേ ദിവസം രാവിലെ പത്തരയോടെയാണ് കൊലപാതക വിവരം പുറത്തായതും പോലീസ് എത്തിയതും. ഈ സമയത്ത് മുഹമ്മദ് ഷാഫിയും മറ്റുള്ളവരെപ്പോലെ എത്തിയിരുന്നു. പക്ഷെ സംഭവ സ്ഥലത്തു പോലീസ് നായ എത്തുമെന്നറിഞ്ഞതോടെ ഇയാള്‍ ബൈക്കില്‍ കയറി സ്ഥലം വിട്ടു. എങ്കിലും സംഭവ സ്ഥലത്തു ചോരയില്‍ മുങ്ങിയ പത്ത് ഇഞ്ച് അളവിലുള്ള ചെരുപ്പിന്റെ അടയാളം പോലീസ് പ്രധാന തെളിവാക്കി അന്വേഷണം ആരംഭിച്ചു. സമീപത്തെ പത്തിഞ്ചു ചെരുപ്പുകാരെ മുഴുവന്‍ പോലീസ് അരിച്ചുപെറുക്കി.
 
മുഹമ്മദ് ഷാഫിക്കൊപ്പം മദ്യപിക്കാന്‍ എത്തിയവരില്‍ മറ്റൊരാള്‍ക്കും പത്തിഞ്ചു ചെരിപ്പുണ്ടായിരുന്നു. പിന്നീട് അന്വേഷണം മുഹമ്മദ് ഷാഫിയിലെത്തി. വീട്ടില്‍ നിന്നും ചോരയുടെ അടയാളവുമായി ചെരിപ്പ് കൈയോടെ പിടിച്ചെടുത്തു. ഷാഫിയെയും അറസ്‌റ് ചെയ്തു. തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം പണം കണ്ടെടുക്കാന്‍ അകത്തു കയറിയപ്പോഴാണ് രക്തം പുരണ്ട ചെരുപ്പിന്റെ അടയാളം മുറിയില്‍ പതിഞ്ഞത്. ഇതാണ് പൊലീസിന് പണി എളുപ്പമാക്കിയതും....  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്‍ കുളത്തിലേക്ക് മറിഞ്ഞു പിതാവും മകളും മരിച്ചു