വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണത്തേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പിതാവ് രംഗത്ത്. വിവാഹത്തിന് ശേഷം ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിക്ക് തങ്ങളുമായി സഹകരണമൊന്നുമില്ലായിരുന്നെന്നും തങ്ങളുടെ വീട്ടില്‍ വരാറില്ലെന്നും പിതാവ് കെ സി ഉണ്ണി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ബാലഭാസ്കറുമായി നല്ല ബന്ധം തന്നെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായി പണത്തിന്‍റെ ഏര്‍പ്പാട് ഉണ്ടായിരുന്നു. സ്ഥലം വാങ്ങിയ വിവരവും പറഞ്ഞിട്ടുണ്ട്. ബാലുവും ഭാര്യ ലക്ഷ്മിയും മാസങ്ങളോളം അവിടെ നില്‍ക്കാറുണ്ട്. കൊച്ചിന്‍റെ ജന്‍മദിനമൊക്കെ അവിടെയാണ് ആഘോഷിച്ചത്. കൂടുതലും ലക്ഷ്മിയുമായിട്ടായിരുന്നു അവര്‍ക്ക് അടുപ്പം - ബാലഭാസ്കറിന്‍റെ പിതാവ് പറയുന്നു.
ദുബായില്‍ ഇവര്‍ക്കുള്ള ഏര്‍പ്പാട് എന്താണെന്ന് അറിയില്ല. ബാലുവിനോട് അതേപ്പറ്റി ചോദിച്ചിട്ടില്ല. എന്‍റെ മോനുമായി എനിക്ക് ബന്ധമില്ലെന്ന് ഇപ്പോള്‍ അവര്‍ വെറുതെ പറയുന്നതാണ്. മൂന്ന് വയസുമുതല്‍ അവനൊരു പെര്‍ഫെക്ട് പ്രൊഫഷണല്‍ ആകുന്നതുവരെ ഞാനും അവന്‍റെ അമ്മയുമാണ് ആണ് എല്ലാത്തിനും കൊണ്ടുനടന്നത്. ഏഴാം വയസില്‍ അരങ്ങേറ്റം നടത്തി. ആദ്യകാലത്തെ എല്ലാ പരിപാടികള്‍ക്കും ഞാനാണ് കൊണ്ടുപോയിരുന്നത്. എനിക്ക് സ്ട്രോക്ക് വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയതും കൂടെ നിന്നതും അവനാണ്.
ബാലുവിന്‍റെ മരണം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഒരു ദിവസം ലക്ഷ്മിയുടെ വീട്ടില്‍ പോയപ്പോള്‍ അവരുടെ അമ്മ എന്നോട് ദേഷ്യപ്പെട്ടു. ലക്ഷ്മിയെപ്പറ്റി ഞാന്‍ എന്തോ അപവാദങ്ങള്‍ പറഞ്ഞെന്നും അക്കാര്യം തമ്പിയും വിഷ്ണുവുമാണ് അവരോട് പറഞ്ഞതെന്നും പറഞ്ഞു. മരണശേഷം ബാലുവിന്‍റെ ഫോണ്‍ തമ്പിയുടെ കൈയ്യില്‍ ആയിരുന്നു. ഫോണും ലോക്കറിന്‍റെ കീയും കാര്‍ഡുകളുമൊക്കെ എന്‍റെ കൈയില്‍ തരാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ, തമ്പി പറഞ്ഞത് അതൊക്കെ ലക്ഷ്മിയുടെ കൈയിലാണെന്നാണ്. പക്ഷേ ഫോണൊക്കെ തമ്പിയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ബോധ്യമായിട്ടുണ്ട് - കെ സി ഉണ്ണി വെളിപ്പെടുത്തി.
ബാലുവിന്‍റെ കൈയ്യില്‍ നിന്ന് ഞങ്ങള്‍ പണമൊന്നും വാങ്ങിയിട്ടില്ല. എന്നാല്‍ അവന് അങ്ങോട്ട് പണം കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഗ്രാമി അവാര്‍ഡിന് വേണ്ടി ഒരു പ്രൊജക്ട് ചെയ്യുന്നുണ്ട്, അത് അച്ഛന്‍റെ ചെലവിലായിക്കോട്ടേ എന്ന് പറഞ്ഞിരുന്നു. അതിനൊന്നും പക്ഷേ കാലം അനുവദിച്ചില്ല. ആശുപത്രിയില്‍ വച്ച് ലക്ഷ്മിയുടെ വിരലടയാളം വച്ച് ബാങ്ക് ഇടപാടുകള്‍ക്ക് ശ്രമിച്ചതായും ബാലഭാസ്കറിന്‍റെ അച്ഛന്‍ വെളിപ്പെടുത്തുന്നു.