ഇടതുമുന്നണിയുടെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. തര്‍ക്കങ്ങളോ വിലപേശലുകളോ ഇല്ലാതെയാണ് മന്ത്രിസഭാരൂപീകരണ ചര്‍ച്ചകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചര്‍ച്ചകളുടെ കടിഞ്ഞാണ്‍ പിണറായിയുടെ കൈയിലാണ്. പുതിയ മന്ത്രിമാര്‍ ആരൊക്കെയായിരിക്കണം, മന്ത്രിസഭ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് തുടക്കത്തില്‍ തന്നെ സിപിഎമ്മില്‍ ധാരണയായിട്ടുണ്ട്. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ വേണമെന്ന് നിലപാടെടുത്തത് പിണറായി വിജയനാണ്. സിപിഎം ഏകകണ്‌ഠേന ഇതു അംഗീകരിച്ചു. ആരോഗ്യമന്ത്രിയായി കെ.കെ.ശൈലജ തുടര്‍ന്നേക്കും. ശൈലജയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാമെന്ന് പിണറായിയും പാര്‍ട്ടിയും തീരുമാനിക്കുകയായിരുന്നു.
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികള്‍ക്കിടയില്‍ തര്‍ക്കങ്ങളൊന്നും ഉടലെടുത്തിട്ടില്ല. മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകരുതെന്ന് പിണറായി ആദ്യമേ നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ ഘടകകക്ഷികളെയും കേട്ടതിനു ശേഷം മാത്രം മതി മന്ത്രിസഭാ രൂപീകരണമെന്നും പിണറായി നിലപാടെടുത്തിരുന്നു.
ഘടകകക്ഷികളുടെ എണ്ണം കൂടിയതിനാല്‍ ഒരു മന്ത്രിസ്ഥാനം വിട്ടുനല്‍കാന്‍ സിപിഎം ആദ്യമേ സന്നദ്ധത അറിയിച്ചു. സിപിഎം മന്ത്രിസ്ഥാനം വിട്ടുനല്‍കാന്‍ തയ്യാറായതോടെ സിപിഐയും അതിനു നിര്‍ബന്ധിതരായി. മറ്റ് വിലപേശലുകള്‍ക്കൊന്നും നില്‍ക്കാതെയാണ് ഒരു കാബിനറ്റ് പദവി വിട്ടുനല്‍കാമെന്ന് സിപിഐ നിലപാടെടുത്തിരിക്കുന്നത്.
രണ്ട് മന്ത്രിസ്ഥാനം ലഭിക്കണമെന്നാണ് കേരള കോണ്‍ഗ്രസ് (എം) ആഗ്രഹിക്കുന്നത്. ഇത് സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. രണ്ട് മന്ത്രിസ്ഥാനത്തിനായി ജോസ് കെ.മാണി ആവതും ശ്രമിക്കുന്നുമുണ്ട്. എന്നാല്‍, തര്‍ക്കത്തിലൂടെ ഈ മന്ത്രിസ്ഥാനം വാങ്ങിയെടുക്കേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. ഒരു മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് പദവിയും ആണ് നല്‍കുന്നതെങ്കിലും അതുകൊണ്ട് തൃപ്തരാകുമെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. മുന്നണിയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നതിനാല്‍ സിപിഎമ്മിനെയും സിപിഐയെയും മറ്റ് ഘടകകക്ഷികളെയും വെറുപ്പിച്ചുകൊണ്ട് ഒന്നും നേടിയെടുക്കേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കളെല്ലാം അഭിപ്രായപ്പെടുന്നത്.
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയില്‍ പിണറായിക്കൊപ്പം സുപ്രധാന ഇടപെടല്‍ നടത്തുന്നത് മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവിലെ പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനാണ്. ഘടകകക്ഷികളുമായി ചര്‍ച്ച നടത്താന്‍ കോടിയേരിയെയാണ് പിണറായി നിയോഗിച്ചിരിക്കുന്നത്. കോടിയേരിക്ക് മറ്റ് ഘടകകക്ഷി നേതാക്കളുമായുള്ള അടുത്ത ബന്ധം മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയില്‍ ഇടതുമുന്നണിക്ക് പണി എളുപ്പമാക്കി. ആരൊക്കെയായിരിക്കും മന്ത്രിമാരെന്ന് നാല് ദിവസത്തിനുള്ളില്‍ അറിയാം.