Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കി: സംസ്ഥാനത്തെ 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഇതിന്റെ ഭാഗമായി 450 ഫാര്‍മസികളുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും 5 എണ്ണം ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു.

Antibiotics Dispensed without doctor prescription

സിആര്‍ രവിചന്ദ്രന്‍

, ശനി, 10 മെയ് 2025 (17:10 IST)
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി സംസ്ഥാനം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഏതാണ്ട് പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞു. ഇതിന്റെ ഭാഗമായി 450 ഫാര്‍മസികളുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും 5 എണ്ണം ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി എന്നുമാത്രമല്ല ഉപയോഗിക്കപ്പെടുന്നത് തന്നെ താരതമ്യേന ഭീഷണി കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് എന്ന് ഉറപ്പാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
 
മന്ത്രിയുടെ നേതൃത്വത്തില്‍ എഎംആര്‍ ഉന്നതതലയോഗം ചേര്‍ന്നു. പാല്, ഇറച്ചി, മീന്‍ എന്നിവയില്‍ ആന്റിബയോട്ടിക് അവശിഷ്ടം കണ്ടെത്തുന്നതിന് പരിശോധനകള്‍ ശക്തമാക്കാന്‍ യോഗം നിര്‍ദേശം നല്‍കി. കാലിത്തീറ്റകളിലേയും കോഴിത്തീറ്റകളിലേയും ആന്റിബയോട്ടിക്കുകളുടെ അളവ് കുറയ്ക്കാന്‍ സമഗ്രമായ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. കേരളത്തിലെ എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിന്റെ ഭാഗമായി ഒരു കളര്‍ കോഡിംഗ് കൊണ്ടുവരാനും തീരുമാനമായി. 3 മാസത്തിനുള്ളില്‍ എല്ലാ ആശുപത്രികളും ഇത് നടപ്പിലാക്കണം. ആന്റിബയോട്ടിക് സാക്ഷരതയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കാനും നിര്‍ദേശം നല്‍കി. ഈ മാര്‍ഗരേഖ അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കളര്‍കോഡ് ചെയ്യും. ഈ കളര്‍കോഡിന്റെ അടിസ്ഥാനത്തില്‍ മൈക്രോ പ്ലാന്‍ രൂപീകരിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ആന്റിബയോട്ടിക്-സ്മാര്‍ട്ട് ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.
 
ഇനിമുതല്‍ നിര്‍ബന്ധമായും ആന്റീബയോട്ടിക്കുകള്‍ തിരിച്ചറിയാനായി നീലക്കവറില്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. എല്ലാ ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും ഫാര്‍മസികളും ഇത് നടപ്പിലാക്കണം. കൂടുതല്‍ ആശുപത്രികളെ ആന്റീബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഐഎംഎ, എപിഐ, ഐഎപി, സിഐഡിഎസ് തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ സ്വകാര്യ മേഖലയിലേയും പ്രവര്‍ത്തനം ശക്തിപ്പെടുത്തും. 4 ലക്ഷത്തിലധികം വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി അവബോധം നല്‍കി. ഈ വര്‍ഷം ഡിസംബറോടെ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാനാണ് ലക്ഷ്യമിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു