ലിഗയെ കൊലപ്പെടുത്തിയത് മൂന്ന് പേർ; കാട്ടിലെത്തിച്ചത് യോഗ പരിശീലകൻ, മാനഭംഗം നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല
പൊലീസ് ഉണർന്ന് പ്രവർത്തിച്ചില്ല, കാണാൻ ചെന്നപ്പോൾ മുറിയിൽ പോയി വിശ്രമിക്കൂ എന്നാണ് ഡിജിപി പറഞ്ഞത്: ഇലിസ
കോവളത്ത് വിദേശവനിത ലിഗയെ ആക്രമിച്ച കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ മൂന്ന് പേരാണെന്ന് സൂചന. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണ്. ലിഗയെ കാട്ടിലെത്തിച്ചത് യോഗ പരിശീലകൻ ആണെന്നാണ് സൂചന.
അതേസമയം, ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ബലപ്രയോഗത്തിനിടെയാണ് ലിഗയുടെ മരണം സംഭവിച്ചത്. കഴുത്ത് ഞെരിച്ചതിന്റെ ഭാഗമായി ഈ ഭാഗത്തെ തരുണാസ്ഥിയിൽ പൊട്ടലേറ്റിട്ടുണ്ട്. ആഴത്തിലുള്ള മൂന്ന് മുറിവുകള്‍ കഴുത്തിലും രണ്ട് കാലുകളിലുമായി ഉണ്ട്. ബലപ്രയോഗം പ്രതിരോധിക്കുമ്പോഴുള്ള മുറിവുകൾ പോലെയാണിതെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ലിഗയുടെ കഴുത്തിലെ സൂക്ഷ്മഞരമ്പുകൾക്ക് ക്ഷതമേറ്റിട്ടുണ്ട്. അവിടത്തെ രക്തം കട്ടപിടിച്ചു കിടക്കുകയുമാണ്. കഴുത്തിൽ അമർത്തിപിടിച്ചപ്പോൾ കാലുകൾ നിലത്തുരച്ചതു പോലെയുള്ള മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പീഡന ശ്രമത്തിനിടെ മൽപ്പിടുത്തത്തിൽ ലിഗ കൊല്ലപ്പെട്ടിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം. പക്ഷേ, മൃതദേഹം പഴകിയതിനാല്‍ മാനഭംഗപ്പെടുത്തിയിട്ടുണ്ടോയെന്നു സ്ഥിരീകരിക്കാനായില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.
മരണത്തിന് മുമ്പ് ലിഗയുടെ ശരീരത്തില്‍ അമിത അളവില്‍ ലഹരി ഉണ്ടായിരുന്നതായും ഫോറന്‍സിക് വിദഗ്ദര്‍ പറയുന്നു. ലിഗയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്മാരും ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി പ്രകാശ് വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു.
അതേസമയം, കേരള പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ലിഗയുടെ സഹോദരി ഇലിസ ആരോപിക്കുന്നത്. പരാതി നൽകിയപ്പോൾ തന്നെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ ലിഗ മരിക്കില്ലായിരുന്നുവെന്നും ഇലിസ പറയുന്നു. പരാതി നല്‍കാനെത്തിയപ്പോള്‍ മുറിയില്‍ പോയി വിശ്രമിക്കാനാണു ഡിജിപി പറഞ്ഞതെന്നും ടൂറിസം വകുപ്പിന്റ സഹായം ലഭിച്ചില്ലെന്നും ഇലിസ മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റില്‍ ആരോപിച്ചു.