കേരള കോണ്‍ഗ്രസി(എം)ലെ തര്‍ക്കങ്ങള്‍ തുടരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയും മുതര്‍ന്ന നേതാവ് പിജെ ജോസഫും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് കോണ്‍ഗ്രസ് ചെവിക്കൊടുക്കാതെ വന്നതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്.
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കോട്ടയം കൂടാതെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യം. ജോസ് കെ മാണിയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തിക്കാന്‍ മാണി നടത്തുന്ന ഇടപെടലുകളാണ് ജോസഫിന്റെ ഈ ആവശ്യത്തിന് കാരണം.
പാര്‍ട്ടിക്കുള്ളില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതിയും ജോസഫ് വിഭാഗത്തിനുണ്ട്. രണ്ടാമമൊരു സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ചര്‍ച്ച നടത്തിയ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കിയ സാഹചര്യത്തിലാണ് ജോസഫ് അയയുന്നത്. രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയതിനാല്‍ ലോക്‍സഭ സീറ്റ് തനിക്ക് വേണമെന്നാണ് അദ്ദേഹം പറയുന്നത്.
ഇടുക്കി സീറ്റ് ലഭിച്ചാല്‍ സ്വാഭാവികമായും ജോസഫ് തന്നെയാകും സ്‌ഥാനാര്‍ഥി. ഈ നീക്കത്തെ മാണിക്കോ കോണ്‍ഗ്രസിനോ എതിര്‍ക്കാനാകില്ല. അതാണു ജോസഫ് ഉദ്ദേശിക്കുന്നത്. അതേസമയം, കോട്ടയമാണു കിട്ടുകയെങ്കില്‍ മാണിയാകും സ്‌ഥാനാര്‍ഥിയെ നിശ്‌ചയിക്കുക. ഇത് ജോസഫിന് തിരിച്ചടിയാകും. കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും.
എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും ജോസഫ് വിഭാഗം കടുത്ത നിലപാടിലേക്ക് നീങ്ങില്ലെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. സീറ്റ് വിഭജനം പൂർത്തിയാവുന്നതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ തലയിടേണ്ട എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.