സുവര്‍ണാവസരമെന്നാണ് വരുന്ന ലോക്‍സഭ തെരഞ്ഞെടുപ്പിനെ ബിജെപി വിശേഷിപ്പിക്കുന്നത്. ശബരിമല വിഷയത്തില്‍ പല തട്ടിലായവരെ ഒപ്പം നിര്‍ത്തി താമര വിരിയിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് ബിജെപി സംസ്ഥാന ഘടകം. കേന്ദ്രത്തിന്റെ അകമഴിഞ്ഞ സഹായവും ഇതിനുണ്ട്.
പതിവിന് വിപരീതമായി 20 ലോക്‍സഭ മണ്ഡലങ്ങളുടെയും ഉത്തരവാദിത്വം ബിജെപിയില്‍ നിന്നും ആര്‍എസ്എസ് ഏറ്റെടുത്തു കഴിഞ്ഞു. തിരുവനന്തപുരമാണ് ആര്‍എസ്എസും ബിജെപിയും കൂടുതല്‍ ജയപ്രതീക്ഷയോടെ കാണുന്നത്. നടന്‍ മോഹന്‍ലാലും സുരേഷ് ഗോപിയും കുമ്മനം രാജശേഖരനും ഉള്‍പ്പെടെ ഏഴു പേരെയാണ് തലസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
മത്സരിക്കാനില്ലെന്നും, ഒരു പാര്‍ട്ടിയുടെയും ബ്രാന്‍ഡ് ആയി അറിയപ്പെടാന്‍ താല്‍പ്പര്യമില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചത് തിരിച്ചടിയായെങ്കിലും ഇക്കാര്യത്തില്‍ ആര്‍എസ്എസ് പ്രതീക്ഷ കൈവിട്ടിട്ടില്ല. അതേസമയം, തുഷാർ വെള്ളാപ്പള്ളിക്ക് സീറ്റ് നല്‍കി എസ്എൻഡിപിയുടെ വായടപ്പിക്കാമെന്നുള്ള ബിജെപിയുടെ തന്ത്രം പൊളിഞ്ഞു.
എസ്എൻഡിപി യോഗം ഭാരവാഹികളാരും മത്സരിക്കേണ്ടതില്ലെന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയതാണ് ബിജെപി തിരിച്ചടിയാകുന്നത്. ഇടത് സർക്കാരിനൊപ്പം നിൽക്കുന്ന എസ്എൻഡിപിയെയും വെള്ളാപ്പള്ളിയെയും മെരുക്കാൻ തുഷാറിനെ സ്ഥാനാർഥിയാക്കുന്നതിലൂടെ കഴിയുമെന്ന ബിജെപിയുടെ കണക്കൂകൂട്ടലാണ് ഇതോടെ പാളിയത്.
മത്സരിക്കാനില്ലെന്ന നിലപാടിലാണ് തുഷാര്‍ ഉള്ളത്. മത്സരിക്കരുതെന്ന് എസ്എൻഡിപി ആവശ്യപ്പെടുകയും ചെയ്‌തു. തുഷാറിനെ ഇറക്കി എസ്എൻഡിപിയെ സര്‍ക്കാരിനെതിരെ തിരിച്ചു വിടാമെന്ന പ്രതീക്ഷയായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. ബിജെപിക്കെതിരെയായ വെള്ളാപ്പള്ളിയുടെ പരസ്യ വിമര്‍ശനം ഇതോടെ ഇല്ലാതാകുമെന്നും നേതൃത്വം കരുതി.
ശബരിമല യുവതീപ്രവേശനത്തിലും തുടര്‍ന്ന് നടത്തിയ വനിതാമതിലിലും വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമായിരുന്നു. ചെറിയ കാര്യങ്ങളില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായെങ്കിലും ശക്തമായ പിന്തുണ സര്‍ക്കാരിന് നല്‍കി. ബിഡിജെഎസ് പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളിയുടെ വാക്കിന് കൂടുതല്‍ പരിഗണന നല്‍കുന്നതും സംഘടനയിലും പാര്‍ട്ടിയിലും തുഷാര്‍ രണ്ടാമനമാകുന്നതും എന്‍ഡിഎ നേതൃത്വത്തെ ചൊടിപ്പിക്കുന്നുണ്ട്.
ബിഡിജെഎസിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയാണ് തുഷാര്‍ മത്സരിക്കേണ്ടതില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ നിപാടിലൂടെ തകര്‍ന്നത്. ശബരിമല സമരം തൊട്ട് ബിഡിജെഎസും തുഷാറും ബിജെപിയോട് അകലം പാലിക്കുന്നുണ്ട്. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പ ജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ട് നിന്നത് ശ്രദ്ധേയമായിരുന്നു.
നിര്‍ണായ തീരുമാനങ്ങള്‍ പോലും പാതിവഴിയില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനുള്ള നീക്കത്തിലാണ് ബിജെപി. ബിജെപി ദേശീയ അധ്യക്ഷനു ശേഷം പാര്‍ട്ടിയില്‍ രണ്ടാമനായി കരുതുന്ന റാംലാലിന്റെ നേതൃത്വത്തിലാണ് അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നത്. ആര്‍എസ്എസ് നേതാക്കളാണ് ഇക്കാര്യത്തില്‍ ചുക്കാന്‍ പിടിക്കുന്നത്.