ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.