Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വ്യത്യസ്തനായൊരു കോൺഗ്രസുകാരൻ, ലൈക്കിന് വേണ്ടി തെണ്ടുന്നു’ - ബൽ‌റാമിനുള്ള മറുപടി പോസ്റ്റ് വൈറൽ

‘വ്യത്യസ്തനായൊരു കോൺഗ്രസുകാരൻ, ലൈക്കിന് വേണ്ടി തെണ്ടുന്നു’ - ബൽ‌റാമിനുള്ള മറുപടി പോസ്റ്റ് വൈറൽ
, ശനി, 23 ഫെബ്രുവരി 2019 (08:59 IST)
കാസർഗോഡ് ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ സിപിഎമ്മിന് എതിരെ നിരന്തരം വിമർശനം ഉന്നയിക്കുകയാണ് തൃത്താല എംഎൽഎ വിടി ബൽറാം. സിപിഎം പ്രതിസ്ഥാനത്ത് നിൽക്കുന്നത് കൊണ്ട് മലയാളത്തിലെ എഴുത്തുകാരും സാംസ്ക്കാരിക നായകരും മിണ്ടുന്നില്ല എന്ന് ബൽറാം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഇതേക്കുറിച്ച് ബൽറാം കമന്റും ഇട്ടിരുന്നു. ഈ കമന്റിന് പോസ്റ്റിനേക്കാൾ ലൈക്ക് കിട്ടിയത് കോൺഗ്രസുകാർ ആഘോഷമാക്കുന്നുണ്ട്. എന്നാൽ ബൽറാമിനെ പൊളിച്ചടുക്കി രംഗത്ത് വന്നിരിക്കുയാണ് സിപിഎമ്മിന്റെ എംപിയായ എംബി രാജേഷ്. 
 
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം:
 
മനോരമയും കെ.എസ്.യു.വിൽ നിന്നൊട്ടും വളർന്നിട്ടില്ലാത്ത എം.എൽ.എ.യും ലൈക്കെണ്ണി പുളകം കൊള്ളുകയാണ്. 'വ്യത്യസ്തനാമൊരു കോൺഗ്രസുകാരൻ' എന്ന ഇമേജുണ്ടാക്കാനുള്ള പ്രച്ഛന്ന വേഷമാടുന്നതിനിടയിൽ എം.എൽ.എ.യുടെ തനിനിറം പലപ്പോഴും പുറത്തുചാടും.
 
മഹാനായ ഏ.കെ.ജി.യെ അവഹേളിച്ചപ്പോഴും വനിതയായ കൃഷി ഓഫീസർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയപ്പോഴുമെല്ലാം പരിഷ്‌കൃത മുഖംമൂടിക്കുള്ളിൽ ഒളിപ്പിച്ചുവച്ച കെ.എസ്.യു. നിലവാരം പുറത്തു ചാടിയിരുന്നു. ഇപ്പോൾ എഴുത്തുകാരെയെല്ലാം സാംസ്‌ക്കാരിക ക്രിമിനലുകളെന്ന് അധിക്ഷേപിക്കുന്നതും ആ കെ.എസ്.യു. നിലവാരത്തിൽ നിന്നാണ്. 
 
മലയാളത്തിലെ എഴുത്തുകാരൊന്നും സി.പി.എമ്മിനെ വിമർശിക്കുന്നില്ലത്രേ. ഈ വാദത്തിന്റെ പാറ്റന്റ് സംഘപരിവാറിനാണ്. എഴുത്തുകാരെയും ബുദ്ധിജീവികളെയും ഭർത്സിക്കലും സംഘപരിവാർ ഹോബിയാണ്. അത് ഈ ' വ്യത്യസ്തനാം കോൺഗ്രസു' കാരന്റെയും ഇഷ്ടവിനോദമത്രേ. മലയാളത്തിലെ എഴുത്തുകാർ സി.പി.എം.നെ വിമർശിച്ചിട്ടില്ലെന്ന്! കെ.ജി. ശങ്കരപ്പിള്ളയും സച്ചിദാനന്ദനും സാറാജോസഫും ചുള്ളിക്കാടുമെല്ലാം സി.പി.എം. നെ വിമർശിച്ചെഴുതിയതെങ്കിലും ഇയാൾ വായിച്ചിട്ടില്ലേ? അരുന്ധതി റോയ് ഇ.എം.എസിനെക്കുറിച്ച് അടിസ്ഥാന രഹിതമായും വസ്തുതാ വിരുദ്ധമായും എഴുതിയിട്ടും ആരും അവരെ ക്രിമിനലെന്ന് വിളിച്ചില്ല. ഒരു അക്കാദമിയും ആക്രമിച്ചില്ല. (സക്കറിയക്കു നേരെ ഒറ്റപ്പെട്ട ആക്രമണമുണ്ടായപ്പോൾ അത് തള്ളിപ്പറയുകയും അദ്ദേഹത്തെ നേരിട്ട് വിളിച്ച് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നവരുടെ കൂട്ടത്തിൽ ന്ന് ഡി.വൈ.എഫ്.ഐ. പ്രസിഡന്റായിരുന്ന ഞാനുമുണ്ടായിരുന്നു).
 
സി.പി.എം.നെയും ഇവരൊക്കെ വിമർശിച്ചിട്ടുണ്ടെന്നറിയാൻ വിമർശിച്ചെഴുതിയതെങ്കിലുമൊന്ന് വായിക്കണം. "നെഹ്രുവിനുശേഷം ഞങ്ങളുടെ പാർട്ടിയിലാരും പുസ്തകം വായിച്ചിട്ടില്ല" എന്ന കോൺഗ്രസ്കാരനായ സുഹൃത്തിന്റെ തമാശയുടെ പൊരുൾ ഇപ്പോഴാണ് പിടികിട്ടിയത്. പുസ്തകം കത്തിച്ചാണ് കെ.എസ്.യു കാലം മുതൽ പരിശീലനം. ഗോദാവരി പരുലേക്കറുടെ 'മനുഷ്യനുണരുമ്പോൾ' ഇ.എം.എസിന്റെ 'ഇന്ത്യൻ സ്വതന്ത്ര്യസമര ചരിത്രം' എന്നിവയൊക്കെ കത്തിച്ച് വളർന്നു വന്നതല്ലേ. 
 
ചാർച്ച പോലെ തന്നെ ചേർച്ചയും പരിവാരത്തിന്റെ രീതികളുമായിട്ടാണ്. കെ.എസ്.യു.വിന്റെ അക്ഷരവിരോധമെന്ന ജനിതകത്തകരാറാണ് എഴുത്തുകാരൊക്കെ ക്രിമിനലുകളാണെന്ന് തോന്നാൻ കാരണം. തോന്നൽ മൂത്തുകഴിഞ്ഞാൽ സംഘപരിവാരം വന്ന് കയ്യിലൊരു ചരടും ബന്ധിച്ച് ടിയാനെ കൂട്ടിയങ്ങു കൊണ്ടുപോയിക്കൊള്ളും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊലയ്ക്ക് ശേഷം ഒളിച്ചു, വക്കീലിനെ കണ്ടു, എന്ത് മൊഴി കൊടുക്കണമെന്ന് വക്കീൽ പഠിപ്പിച്ചു?