ആട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ അക്രമിച്ച് കൊന്ന സംഭവത്തില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയുടെതാണ് നടപടി.
അട്ടപ്പാടി മുക്കാലി പ്രദേശവാസികളായ ഹുസൈന്‍, മരക്കാര്‍, ഷംസുദീന്‍, അനീഷ്, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ധീഖ്, ഉബൈദ്, നജീബ്, ജെയ്ജു മോന്‍, അബ്ദുള്‍ കരീം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് പ്രതികള്‍. മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. എല്ലാ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റവും എസ് സി എസ് ടി ആക്ടും ചുമത്തിയിട്ടുണ്ട്.
എന്നാല്‍ മധുവിനെ പിടിച്ചുകൊണ്ടുവരുന്നതിനായി നാട്ടുകാരെ സഹായിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായും പാലക്കാട് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
കഴിഞ്ഞ മാസം 22നായിരുന്നു നാടിനെ നടുക്കിയ സംഭവം. മോഷണക്കേസ് ഉന്നയിച്ച് ഒരു സംഘം നാട്ടുകാര്‍ മധുവിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ മധു വൈകാതെ മരണപ്പെടുകയും ചെയ്തു. സംഭവം വന്‍ വിവാദമായ സാഹചര്യത്തില്‍ പൊലീസ് അതിവേഗം നടപടികളൂമായി മുന്നോട്ടുപോവുകയായിരുന്നു.