കുഞ്ഞുമോളെ ഇടിച്ചുവീഴ്ത്തിയ കാര്‍ പിന്നിലേക്ക് എടുത്ത് വീണ്ടും കയറ്റിയിറക്കി; വാഹനം ഓടിച്ചിരുന്ന യുവാവും വനിത സുഹൃത്തും മദ്യപിച്ചിരുന്നു
അജ്മല്‍ ആണ് വാഹനം ഓടിച്ചിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്
പ്രതികളായ അജ്മലും ശ്രീക്കുട്ടിയും
കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ പ്രതികളായ കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍ (29), വനിത സുഹൃത്തും ഡോക്ടറുമായ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഡോ.ശ്രീക്കുട്ടി (27) എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ശാസ്താംകോട്ട പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരി കുഞ്ഞുമോള്‍ മരിച്ചത്. അര്‍ബുദ രോഗിയായ കുഞ്ഞുമോള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സ നടത്തിവരികയായിരുന്നു.
ഓണാഘോഷത്തിനായി മൈനാഗപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പ്രതികളായ അജ്മലും ശ്രീക്കുട്ടിയും. സദ്യയ്ക്കു ശേഷം സമീപത്തെ മൈതാനത്ത് എത്തിയ ഇവര്‍ കാറിലിരുന്ന് മദ്യപിച്ചിരുന്നു. മടക്കയാത്രയിലാണ് ഇവരുടെ കാര്‍ കുഞ്ഞുമോള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ശ്രീക്കുട്ടി.
അജ്മല്‍ ആണ് വാഹനം ഓടിച്ചിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. സ്‌കൂട്ടറില്‍ വാഹനം ഇടിച്ച ശേഷം പിന്നിലേക്ക് എടുത്ത് വീണ്ടും മുന്നിലേക്ക് പോകുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ മുന്നിലേക്ക് എടുത്ത് പോകാന്‍ നോക്കിയതെന്ന് അജ്മല്‍ പറഞ്ഞു. അപകടമുണ്ടായ ശേഷം അജ്മലും ശ്രീക്കുട്ടിയും അമിത വേഗത്തില്‍ കാറോടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികളെ 14 ദിവസത്തേക്ക് പൊലീസ് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.