മകരജ്യോതി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. മകരജ്യോതി ദര്‍ശിക്കാന്‍ ഭക്തര്‍ എത്തുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. എല്ലാ വകുപ്പുകളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മെഡിക്കല്‍ സംവിധാനങ്ങള്‍, ഫയര്‍ഫോഴ്സിന്റെ ഉള്‍പ്പെടെയുള്ള ആംബുലന്‍സ് സേവനങ്ങള്‍, റിക്കവറി വാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കളക്ടര്‍ അറിയിച്ചു. എല്ലാ ഭക്തരെയും ഉള്‍ക്കൊള്ളാനുള്ള ക്രമീകരണങ്ങള്‍ സമയബന്ധിതമായിട്ടാണ് പൂര്‍ത്തീകരിച്ചത്. ഭക്തജനങ്ങള്‍ കര്‍ശനമായും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ബാരിക്കേടിനുള്ളില്‍ നിന്നുകൊണ്ട് തന്നെ മകരജ്യോതി ദര്‍ശിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശന ശേഷം ഭക്തര്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം തിരികെ ഇറങ്ങേണ്ടതാണെന്നും ശബരിമലയിലേക്ക് കടത്തിവിടുകയില്ലെന്നും കളക്ടര്‍ അറിയിച്ചു. പൊടി ശല്യം ഉള്ളതിനാല്‍ ആരോഗ്യപ്രശ്‌നം ഉള്ളവര്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് 16 മേഖലകളിലായി 1400 ഓളം പേരടങ്ങുന്ന പോലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. വന്യജീവി ശല്യം നേരിടുന്ന ഭാഗങ്ങളില്‍ സ്പെഷ്യല്‍ ആര്‍ ആര്‍ ടി സ്‌ക്വാഡുകളെയും എലഫന്റ് സ്‌ക്വാഡിനെയും വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍ സംവിധാനങ്ങളും സജ്ജമായി.