മലപ്പുറം രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. രാമപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ (72) യെ കൊലപ്പെടുത്തിയ കേസിലാണ് മമ്പാട് സ്വദേശി നിഷാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച ലക്ഷ്യമിട്ടാണ് പ്രതി കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 16 ന് രാത്രി ഒന്‍പതരയോടെയാണ് ആയിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആയിഷ ധരിച്ചിരുന്ന എട്ടേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല.
പ്രതിയെ കണ്ടെത്താന്‍ വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അങ്ങനെയിരിക്കെയാണ് അന്വേഷണം കൊല്ലപ്പെട്ട വയോധികയുടെ ബന്ധുക്കളിലേക്കും നീണ്ടത്. ആയിഷയുടെ വീട്ടില്‍ അറിയാവുന്ന ആരോ ആണ് എത്തിയിരിക്കുന്നതെന്ന് പൊലീസ് സംശയിച്ചു. ബന്ധുവോ പരിചയമുള്ള ആരോ ആണ് കൊല നടത്തിയിരിക്കുന്നതെന്ന് പൊലീസ് പ്രാഥമിക നിഗമനത്തിലെത്തി. ആയിഷ വീട്ടിലെത്തിയ ആള്‍ക്ക് വേണ്ടി ചായയും ഓംലെറ്റും ഉണ്ടാക്കിയിരുന്നു. ഇതില്‍ നിന്നാണ് പരിചയമുള്ള ആരോ ആണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസിന് വ്യക്തമായത്. ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആയിഷയുടെ പേരക്കുട്ടിയുടെ ഭര്‍ത്താവ് നിഷാദ് അലി പിടിയിലായത്. എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ നിഷാദ് മമ്പാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്തു വര്‍ഷത്തോളമായി ഐ.ടി. ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയാണ്.
നിഷാദ് അലിക്ക് സാമ്പത്തിക ബാധ്യതകളുണ്ട്. ഈ ബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് നിഷാദ് മോഷണത്തിലേക്ക് തിരിഞ്ഞത്. പ്രതി ആയിഷയുടെ ആഭരണങ്ങള്‍ ശ്രദ്ധിക്കുകയും ഇത് കൈക്കലാക്കാന്‍ നേരത്തെ ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഇടയ്ക്കിടെ വീട്ടിലെത്തി ആയിഷയുമായി അടുത്ത പരിചയത്തിലാകുന്നത്. കൊലപാതകം നടത്തിയ ശേഷം യാതൊരു സംശയത്തിനും ഇട നല്‍കാതെ നിഷാദ് സ്വന്തം വീട്ടിലെത്തുകയായിരുന്നു. ആയിഷയുടെ കബറടക്കത്തിലും മറ്റ് കര്‍മ്മങ്ങളിലും പ്രതി തന്നെയാണ് മുന്നില്‍ നിന്നുകൊണ്ട് എല്ലാം കാര്യങ്ങളും ചെയ്തിരുന്നത്.