Select Your Language

Notifications

webdunia
webdunia
webdunia
webdunia

21 കാരിയെ കൊലപ്പെടുത്തി, മൃതദേഹം കണ്ടെത്താന്‍ പൊലീസിനൊപ്പം; ഒടുവില്‍ പിടിയില്‍, ട്വിസ്റ്റ്

Murder
, ബുധന്‍, 21 ഏപ്രില്‍ 2021 (13:19 IST)
മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ 21 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അന്‍വര്‍ പൊലീസിന്റെ പിടിയിലായത് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ പൊലീസിനൊപ്പം അവസാനം വരെ തെരച്ചില്‍ നടത്തിയവരില്‍ പ്രതി അന്‍വറും ഉണ്ടായിരുന്നു. 
 
ചോറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്തിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വളാഞ്ചേരിയില്‍ നിന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 10 നാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ മൃതദേഹം വീടിന് അടുത്തുള്ള ചെങ്കല്‍ ക്വാറിക്ക് സമീപം കൂട്ടിയിട്ട മണ്‍കൂനക്ക് ഉള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. 
 
പെണ്‍കുട്ടിയെ കാണാതായതു മുതല്‍ തെരച്ചില്‍ നടക്കുകയാണ്. മൃതദേഹം കണ്ടെത്തിയ ചെങ്കല്‍ കൂനയ്ക്ക് അരികെ ഇന്നലെയാണ് തെരച്ചില്‍ നടത്തിയത്. മൃതദേഹത്തിനായുള്ള തെരച്ചിലില്‍ പ്രദേശവാസിയായ അന്‍വര്‍ കൂടി പൊലീസിനൊപ്പം ചേര്‍ന്നു. നേരത്തെ തന്നെ പൊലീസിന് അന്‍വറിനെ സംശയമുണ്ടായിരുന്നു. എന്നാല്‍, രഹസ്യമായിട്ടാണ് പൊലീസ് ഇയാളെ നിരീക്ഷിച്ചിരുന്നത്. 
 
ഇന്നലെ മണ്ണ് മാറ്റി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രത്യേക സ്ഥലത്തെത്തിയതും അന്‍വറിന്റെ ഭാവം മാറി. ആ ഭാഗത്ത് മണ്ണ് മാറ്റേണ്ട ആവശ്യമില്ലെന്ന് അന്‍വര്‍ പറഞ്ഞു. ഇതോടെ പൊലീസിന് സംശയം ബലപ്പെട്ടു. മണ്ണ് മാറ്റുകയായിരുന്ന സംഘത്തെ ആ ഭാഗത്ത് തെരച്ചില്‍ നടത്താത്ത വിധം പിന്തിരിപ്പിക്കാന്‍ കൗശലപൂര്‍വം ശ്രമിക്കുകയായിരുന്നു അന്‍വര്‍. 
 
ചെങ്കല്‍ ക്വാറിയില്‍ കൂട്ടിയിട്ടിരുന്ന മണ്‍കൂന കഴിഞ്ഞദിവസം മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടി നീക്കം ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണ്ണ് കൂടുതലായി ഒലിച്ചു പോകുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പരിസരത്ത് അസഹ്യമായ ദുര്‍ഗന്ധം വമിച്ചു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ കാര്യം അറിയിച്ചു. പൊലീസ് ജെസിബി ഉപയോഗിച്ച് മണ്‍കൂനയുടെ ഭാഗങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ കാലെന്ന് തോന്നിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
 
സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് അന്‍വര്‍ പറയുന്നത്. എന്നാല്‍, ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് വ്യക്തമാകൂ. വെട്ടിച്ചിറ ഒരു ദന്താശുപത്രിയില്‍ സഹായി ആയി ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടി. കാണാതാവുന്നതിന് തൊട്ടു മുന്‍പ് ജോലി സ്ഥലത്തേക്ക് നടന്നു പോവുന്ന പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്‌സിന്‍ ക്ഷാമം: മുഖ്യമന്ത്രി ഭീതി പരത്തുന്നുവെന്ന് കെ സുരേന്ദ്രന്‍