‘എപ്പോഴും ഇരയായ സഹോദരിക്കൊപ്പം‘ - ദിലീപിനെ തള്ളി മമ്മൂട്ടി
അമ്മ ഒരിക്കലും പ്രത്യേക പക്ഷത്തേയ്ക്ക് ചേർന്നിട്ടില്ലെന്ന് മമ്മൂട്ടി
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തുടക്കം മുതല്‍ താരസംഘടനയായ അമ്മ നിലയുറപ്പിച്ചത് എന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി വ്യക്തമാക്കി. അമ്മയുടെ നിര്‍ണായകയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയില്‍ അംഗങ്ങളാകുന്ന എല്ലാവരുടെയും സ്വഭാവത്തെക്കുറിച്ച് ചികഞ്ഞ് നോക്കാന്‍ കഴിയില്ലെന്നും ചിലരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും മമ്മൂട്ടി പറഞ്ഞു.
അമ്മ ജനറൽ ബോഡിക്കു ശേഷം മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് ചോദിക്കാനും അദ്ദേഹം മറന്നില്ല. നടൻ ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനാണ് എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചത്. ഇത് കമ്മിറ്റിയുടെ ഒറ്റക്കെട്ടായ തീരുമാനമാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
ഇതുവരെ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണ് അമ്മ നിലകൊണ്ടത്. ഇനിയും സഹോദരിക്കൊപ്പം തന്നെ ആയിരിക്കും. ആദി മുതൽ തന്നെ സർവാത്മനാ ഉള്ള പിന്തുണ ഇരയാക്കപ്പെട്ട നടിക്ക് നൽകിയിട്ടുണ്ട്. അമ്മ പ്രതിഷേധ യോഗം കൂടിയിട്ടുണ്ട്. സഹായം ചെയ്തിട്ടുണ്ട്. ഇനി മുമ്പോട്ടും അങ്ങനെ തന്നെ ആയിരിക്കും. അമ്മ ഒരിക്കലും പ്രത്യേക പക്ഷത്തേയ്ക്ക് ചേർന്നിട്ടില്ല. ഭാരവാഹികൾ അംഗങ്ങൾക്കുവേണ്ടി ആയിരിക്കും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങൾ ആവശ്യപ്പെട്ടാൽ എക്സിക്യൂട്ടീവിൽ അഴിച്ചു പണി ആലോചിക്കാമെന്നും മമ്മുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.