''ആദ്യം പുറത്താക്ക് എന്നിട്ട് നോക്കാം ബാക്കി'’ - യോഗത്തില്‍ യുവതാരങ്ങള്‍ പറഞ്ഞതിങ്ങനെയെല്ലാം...
ഒടുവില്‍ അതും സംഭവിച്ചു; അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കി, ഇരയായ സഹോദരിക്കൊപ്പമാണെന്ന് മമ്മൂട്ടി
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയില്‍ ഇന്ന് ചേര്‍ന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടായത്.
അമ്മയുടെ ട്രഷറർ സ്ഥാനമാണ് ദിലീപ് വഹിച്ചിരുന്നത്. അമ്മ സംഘടന നടിക്കൊപ്പമെന്ന് മമ്മൂട്ടി വ്യക്തമാക്കി. യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി. കഴിഞ്ഞ പൊതുയോഗങ്ങളില്‍ സംഭവിച്ച കാര്യങ്ങളില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. യാദൃശ്ചികമായി നടന്ന സംഭവങ്ങളില്‍ ഖേദിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങള്‍ ദിലീപിന് എതിരായിരുന്നു. സംഭവത്തില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്ന് വ്യക്തമായതോടെ ദിലീപിനെ പുറത്താക്കണമെന്നായിരുന്നു യുവതാരങ്ങളുടെ ആവശ്യം. ദിലീപിന്റെ അംഗത്വം റദ്ദാക്കിയില്ലെങ്കില്‍ ‘ഞങ്ങള്‍ പുറത്ത് പോകും’ എന്നായിരുന്നു യുവതാരങ്ങള്‍ പറഞ്ഞത്.
അമ്മയുടെ ഭരണഘടന പ്രകാരം ദിലീപിനെ പെട്ടെന്നു പുറത്താക്കാൻ കഴിയില്ലെന്നു ചില മുതിർന്ന താരങ്ങൾ നിലപാടെടുത്തപ്പോൾ, ആദ്യം പുറത്താക്കൽ, അതുകഴിഞ്ഞ് ഭരണഘടന നോക്കാം എന്നായിരുന്നു പ്രഥ്വി അടക്കമുള്ള യുവതാരങ്ങള്‍ പ്രതികരിച്ചത്. ഇല്ലെങ്കിൽ കാര്യങ്ങൾ മാധ്യമങ്ങളോടു വെളിപ്പെടുത്തേണ്ടിവരുമെന്നും ഇവർ മുന്നറിയിപ്പു നൽകി.
ദിലീപിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സംഘടന പിളരാനുള്ള സാധ്യതയും ചൂണ്ടികാട്ടിയിരുന്നു. നടപടിയില്ലാത്ത പക്ഷം യുവതാരങ്ങളുടെ നേതൃത്വത്തില്‍ പുതിയൊരു സംഘടന രൂപീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യുവതാരങ്ങളുടെ നേതൃത്വത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള സമ്മര്‍ദ്ദം ശക്തമായത്. ഇതേതുടര്‍ന്ന് ഒരു പിളര്‍പ്പ് ഒഴിവാക്കാന്‍ ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
അതോടൊപ്പം, നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും ദിലീപിന്റെ സ്വന്തം സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതായി ഇന്ന് അറിയിച്ചിരുന്നു. പ്രോഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ ഉടമയായിരുന്നു ദിലീപ്. നിർമാണ കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് ദിലീപിന്‍റെ സഹോദരൻ അനൂപായിരുന്നു. അതേസമയം ഫെഫ്കയില്‍ നിന്നും ദിലീപിനെ പുറത്താക്കി. അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയിലാണ് ദിലീപ് ഫെഫ്കയില്‍ അംഗമായത്.
ദിലീപിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ‘അമ്മ’യുടെ യോഗം ചേര്‍ന്നിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് യോഗവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ വീടിന് പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തി. അടിയന്തരമായി കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തിന്റെ തീരുമാനം നിര്‍ണായകമാണ്.യോഗത്തില്‍ അമ്മയുടേതായി നിലപാട് പ്രഖ്യാപിക്കും അല്ലാത്ത പക്ഷം താന്‍ തന്റെ നിലപാട് പരസ്യമായി പറയുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ദിലീപിനെതിരെ നടപടി എടുത്തേ പറ്റൂവെന്ന് ആസിഫ് അലിയും പ്രതികരിച്ചിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടി, കലാഭവന്‍ ഷാജോണ്‍, ഇടവേള ബാബു എന്നിവരും എക്‌സിക്യുട്ടീവില്‍ പങ്കെടുത്തു. രമ്യ നമ്പീശനും യോഗത്തിനെത്തി