ഡിജിപിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; മാധ്യമപ്രവര്‍ത്തകനല്ലാത്ത ആള്‍ അകത്തുകയറി
മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണ് ഇയാള്‍ അകത്തുപ്രവേശിച്ചത്
സംസ്ഥാന പൊലീസ് മേധാവിയായി ചാര്‍ജ്ജെടുത്ത റവാഡ എ.ചന്ദ്രശേഖരന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. മാധ്യമപ്രവര്‍ത്തകന്‍ അല്ലാത്ത ഒരാള്‍ പ്രസ് മീറ്റ് നടക്കുന്ന ഹാളില്‍ കയറി.
മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണ് ഇയാള്‍ അകത്തുപ്രവേശിച്ചത്. വാര്‍ത്താസമ്മേളനത്തിനിടെ ഇയാള്‍ പൊലീസ് മേധാവിയുടെ അടുത്തേക്ക് കടലാസുകളുമായി ചെന്ന് പരാതി ഉന്നയിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ അല്ലാത്ത ഇയാള്‍ അകത്തുകയറുകയും ഡിജിപിയുടെ സീറ്റിനു അരികിലേക്ക് എത്തുകയും ചെയ്തത് ഗുരുതര സുരക്ഷാവീഴ്ചയാണ്.
അതേസമയം ഇയാള്‍ നല്‍കിയ പരാതി പരിശോധിക്കാമെന്ന് ഡിജിപി ഉറപ്പുനല്‍കി. മുഖ്യമന്ത്രിക്കും താന്‍ പരാതി നല്‍കിയിരുന്നെന്നും 30 വര്‍ഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണെന്നും പരാതിക്കാരന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ചില ചിത്രങ്ങളും ഇയാള്‍ ഉയര്‍ത്തിക്കാട്ടി.
പൊലീസെത്തി ഇയാളെ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. മാധ്യമ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ വാര്‍ത്താ സമ്മേളനത്തിനായി പൊലീസ് ആസ്ഥാനത്തെത്തിയത്. എങ്ങനെ ഇയാള്‍ അകത്തു കയറിയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.