Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാനസയെ രാഹില്‍ പരിചയപ്പെടുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; പ്രണയം നിഷേധിച്ചതോടെ പക, ഇനി ബുദ്ധിമുട്ടിക്കില്ലെന്ന് രാഹില്‍ ഒരിക്കല്‍ പൊലീസിനോട് പറഞ്ഞു

Manasa Murder Case
, ശനി, 31 ജൂലൈ 2021 (08:23 IST)
ഇന്‍സ്റ്റഗ്രാം വഴിയാണ് മാനസയും രാഹിലും പരിചയത്തിലാകുന്നത്. ഇരുവരും വളരെ വേഗം അടുത്ത സുഹൃത്തുക്കളായി. ഇരുവരും പ്രണയത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു വര്‍ഷം മുന്‍പെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. പ്രണയം തകര്‍ന്നതോടെ രാഹിലിന് മാനസയോട് കടുത്ത പകയായി. പലപ്പോഴും മാനസയെ രാഹില്‍ ശല്യം ചെയ്തിരുന്നു. ഒടുവില്‍ മാനസയുടെ പിതാവ് പൊലീസില്‍ പരാതിപ്പെട്ടു. അന്ന് പൊലീസിനു മുന്നില്‍വച്ച് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുകയായിരുന്നു. മാനസയെ ഇനി താന്‍ ശല്യം ചെയ്യില്ലെന്ന് രാഹില്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, പിന്നെയും ശല്യം ചെയ്യല്‍ തുടര്‍ന്നു. ഒടുവില്‍ ജീവനെടുക്കുന്ന ക്രൂരതയിലേക്ക്..!  

നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായ മാനസയെ രാഹില്‍ കൊലപ്പെടുത്തിയത് വ്യക്തമായ പദ്ധതികളോടെ. കൊലപാതകത്തിനു മുന്നോടിയായി ഒരു മാസത്തോളം രാഹില്‍ മാനസയെ നിരീക്ഷിച്ചു. കോളേജിനടുത്തൊരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്താണ് മാനസയും ഏതാനും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ജൂലൈ നാലിന് മാനസ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന് നൂറ് മീറ്റര്‍ അടുത്ത് ഒരു വീട് രാഹില്‍ വാടകയ്‌ക്കെടുത്തു. മാനസയുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനാണ് രാഹില്‍ പദ്ധതിയിട്ടത്. വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്ന് നോക്കിയാല്‍ മാനസ വരുന്നതും പോകുന്നതും അടക്കം എല്ലാ കാര്യങ്ങളും രാഹിലിന് അറിയാന്‍ സാധിക്കുമായിരുന്നു. 
 
കണ്ണൂരില്‍ നിന്ന് എത്തിയാണ് രാഹില്‍ കോതമംഗലത്ത് വീട് വാടകയ്‌ക്കെടുത്തത്. പ്ലൈവുഡ് ബിസിനസ് ആണെന്ന് പറഞ്ഞാണ് രാഹില്‍ കോതമംഗലത്ത് എത്തുന്നതും മാനസയുടെ അപ്പാര്‍ട്ട്‌മെന്റിന് അടുത്ത് വീട് വാടകയ്‌ക്കെടുത്തതും. ഈ വീട്ടില്‍ ഏതാനും ദിവസം താമസിച്ച ശേഷം കണ്ണൂരിലേക്ക് രാഹില്‍ തിരിച്ചുപോയി. തോക്ക് സംഘടിപ്പിക്കാനാണ് പോയതെന്നാണ് വിവരം. കണ്ണൂരില്‍ നിന്നു തിരിച്ചെത്തിയിട്ട് അഞ്ച് ദിവസമേ ആയിട്ടുള്ളൂ. ഈ ദിവസങ്ങളില്‍ ഒരു ബാഗ് എപ്പോഴും രാഹിലിന്റെ കൈയില്‍ ഉണ്ടായിരുന്നു. ഈ ബാഗില്‍ ഒളിപ്പിച്ചാണ് തോക്കെത്തിച്ചതെന്നാണ് വിവരം. രാഹിലിനെ പകല്‍ സമയത്ത് വീട്ടില്‍ കാണാറില്ല. രാത്രിയാണ് രാഹില്‍ വീട്ടിലേക്ക് തിരിച്ചെത്തുക. 

മാനസയും സുഹൃത്തുക്കളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്താണ് രാഹില്‍ വീട്ടിലേക്ക് കയറിവന്നത്. സംഭവസ്ഥലത്തുവച്ച് തന്നെ മാനസയും രാഹിലും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രണ്ടിടത്താണ് മാനസയ്ക്ക് വെടിയേറ്റത്. നെഞ്ചിലും തലയിലും. ഒരു വെടിയുണ്ട തലയോട്ടിയില്‍ തുളച്ചുകയറി. തലയോട്ടിയില്‍ എന്‍ട്രി മുറിവും, എക്‌സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി. വെടിയുണ്ട തലയോട്ടിയിലൂടെ തുളച്ചുകയറി പുറത്തേക്ക് പോയിട്ടുണ്ട്. പിന്നീടാണ് നെഞ്ചില്‍ വെടിയേറ്റത്. മാനസ മരിച്ചെന്ന് ഉറപ്പിച്ചതിനു പിന്നാലെ രാഹില്‍ സ്വയം വെടിവയ്ക്കുകയും ചെയ്തു. രക്തത്തില്‍ കുളിച്ച നിലയിലാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, അപ്പോഴേക്കും ഇരുവരും മരിച്ചുകഴിഞ്ഞിരുന്നു. 
 
മാനസയും മൂന്ന് സുഹൃത്തുക്കളും ഒരു അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ഈ അപ്പാര്‍ട്ട്മെന്റിലേക്ക് രാഹില്‍ അപ്രതീക്ഷിതമായി എത്തുകയായിരുന്നു. രാഹിലിനെ കണ്ടതും മാനസ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. രാഹിലിന്റെ അടുത്തേക്ക് വന്നു. എന്തൊക്കെയോ ഇരുവരും സംസാരിക്കാന്‍ തുടങ്ങി. പെട്ടെന്നാണ് മാനസയുടെ കയ്യില്‍ ബലമായി പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയത്. മുറിയിലേക്ക് കൊണ്ടുപോയ ശേഷം വാതില്‍ അടയ്ക്കുകയും ചെയ്തു. ഇവിടെവച്ചാണ് രാഹില്‍ മാനസയെ വെടിവച്ചത്. ശബ്ദം കേട്ട് പുറത്തുനില്‍ക്കുന്ന മാനസയുടെ സുഹൃത്തുക്കള്‍ ഓളിയിടാന്‍ തുടങ്ങി. മാനസയെ വെടിവച്ചതിനു പിന്നാലെ രാഹില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടരെ തുടരെ വെടിയൊച്ച കേട്ടതും അയല്‍ക്കാര്‍ അപ്പാര്‍ട്ട്മെന്റിലേക്ക് ഓടിയെത്തി. വാതില്‍ തുറന്നു അകത്തു കടന്നപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. 
 
നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനിയായ പി.വി. മാനസ (24) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹിലാണ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ അടുത്തറിയാമെന്നാണ് റിപ്പോര്‍ട്ട്. മാനസയെ കൊലപ്പെടുത്തിയശേഷം രാഹില്‍ സ്വന്തം തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കണ്ണൂരില്‍നിന്ന് എത്തിയാണ് രാഹില്‍ മാനസയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനസയുടെ അപ്പാര്‍ട്ട്‌മെന്റിന് തൊട്ടടുത്ത് രാഹില്‍ വാടകയ്ക്ക് വീടെടുത്തു; തോക്ക് എപ്പോഴും കയ്യില്‍, ലക്ഷ്യം കൊല്ലുക തന്നെ