പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി എൻസിപിയുടെ മാണി സി കാപ്പൻ മത്സരിക്കും. തിരുവനന്തപുരത്ത് ഇന്ന് രാവിലെ 11ന് ചേർന്ന എൻസിപി നേതൃയോഗത്തിലാണ് മാണി സി കാപ്പനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം എൽഡിഎഫ് യോഗത്തിനു ശേഷം നടത്തും.
ഇത് നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്നുതവണയും കെഎം മാണിയോടാണ് ഇദ്ദേഹം മത്സരിച്ച് പരാജയപ്പെട്ടത്. 2006 മുതല്‍ പാലായില്‍ മാണിയുടെ എതിരാളി മാണി സി കാപ്പനായിരുന്നു.
മൂന്നുതവണ കെഎം മാണിയോട് മത്സരിച്ച് മാണി സി കാപ്പൻ പരാജയപ്പെട്ടെങ്കിലും മാറിയ സാഹചര്യത്തിൽ ഇക്കുറി മണ്ഡലം കൈപിടിയിലാക്കാമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. കേരള കോണ്‍ഗ്രസില്‍ ജോസഫ്, ജോസ് കെ മാണി പക്ഷങ്ങളുടെ പോര് രൂക്ഷമായത് നേട്ടമാകുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്.
2001ൽ ഉഴവൂർ വിജയൻ മത്സരിച്ചപ്പോൾ 33,301 വോട്ടായിരുന്നു കെ.എം.മാണിയുടെ ഭൂരിപക്ഷമെങ്കിൽ 2006ൽ അത് 7,590 ആയി കുറയ്ക്കാൻ കാപ്പന് സാധിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ 5,259 ആയി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4,703 ആയി കുറയ്ക്കാനും മാണി സി കാപ്പന് സാധിച്ചു.