പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും
അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2025- 26 അധ്യയനവര്‍ഷം പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്മെന്റ് പ്രക്രിയയുടെ ആരംഭത്തില്‍ തന്നെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എല്ലാ എയ്ഡഡ് സ്‌കൂളികളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവാണ് അനുവദിക്കുക. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധപ്പിക്കുന്നതിന് അനുമതി നല്‍കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ എന്നീ മൂന്ന് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ 20 ശതമാനവും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ 20 ശതമാനവുമാണ് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവില്‌ള.
2022 - 23 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേര്‍ന്ന 81 ബാച്ചുകളും 2023 - 24 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി 111 ബാച്ചുകളും 2024 - 25 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 138 ബാച്ചുകളും ഈ വര്‍ഷം കൂടി തുടരൂം. അറുപത്തി നാലായിരത്തി നാല്‍പത് സീറ്റുകളാണ് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകള്‍. പതിനേഴായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് സീറ്റുകളാണ് താല്‍ക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുക. എണ്‍പത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത് സീറ്റുകളാണ് ആകെ ലഭിക്കുക.
സംസ്ഥാന തലത്തില്‍ പ്ലസ്വണ്‍ പ്രവേശനത്തിന് ഹയര്‍സെക്കണ്ടറി മേഖലയില്‍ 4,41,887 സീറ്റുകളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി മേഖലയില്‍ 33,030 സീറ്റുകളും ചേര്‍ന്ന് പ്ലസ് വണ്‍ പഠനത്തിന് ആകെ 4,74,917 സീറ്റുകളാണുള്ളത്. ഇതിനു പുറമേ ഐ.റ്റി.ഐ മേഖലയില്‍ 61,429 സീറ്റുകളും പോളിടെക്നിക്ക് മേഖലയില്‍ 9,990 സീറ്റുകളും ഉപരിപഠനത്തിന് ലഭ്യമാണ്. എല്ലാ മേഖലകളിലുമായി ഉപരിപഠനത്തിന് ആകെ 5,46,336 സീറ്റുകളുണ്ടെന്നും മന്ത്രി അറിയിച്ചു.