എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍
അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്നതായി എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്
കാറില്‍ കടത്തിയ 12 ഗ്രാം എംഡിഎംഎയുമായി യുവതിയും മകനും അടങ്ങിയ നാലംഗ സംഘം അറസ്റ്റില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അശ്വതി (39), മകന്‍ ഷോണ്‍ സണ്ണി (20), അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് എലത്തൂര്‍ മുഖവൂര്‍ സ്വദേശി മൃദുല്‍ (29), അശ്വിന്‍ലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ മൃദുലും അശ്വിന്‍ലാലും ഐടി പ്രഫഷനലുകളാണ്. വാളയാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് അറസ്റ്റ്.
അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്നതായി എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നെത്തിച്ച രാസലഹരി വസ്തുക്കള്‍ കോഴിക്കോട്ടെത്തിച്ചു കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഇവര്‍ വില്‍പന നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ദേശീയപാതയില്‍ വാഹന പരിശോധന നടത്തിയിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട ഉടന്‍ കാര്‍ അമിത വേഗത്തിലെടുത്ത് ഇവര്‍ രക്ഷപ്പെടാന്‍ നോക്കി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ പിന്തുടര്‍ന്ന് ചന്ദ്രാപുരത്തു വച്ചു പിടികൂടുകയായിരുന്നു.
ബെംഗളൂരുവില്‍ നിന്ന് ലഹരി വസ്തുക്കളുമായി ഇവര്‍ കോഴിക്കോട് പോകുകയായിരുന്നു. വാളയാര്‍ എക്‌സൈസ് ചെക് പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ എ.മുരുകദാസിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.