Publish Date: Wed, 08 Mar 2023 (18:07 IST)
Updated Date: Wed, 08 Mar 2023 (18:11 IST)
കണ്ണൂർ: ഇരിട്ടിക്കടുത്ത് കുടക് മലകളിൽ നിന്ന് ഒഴുകിയെത്തുന്ന ബാരാപോൾ പുഴയിൽ വൈദ്യുതി ലൈനിൽ നിന്നു വൈദ്യുതി പ്രവഹിപ്പിച്ചു മീൻ പിടിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ നേതൃത്വത്തിലുള്ള പുഴ സംരക്ഷണ സമിതിയാണ് ഇവരെ പിടികൂടി കെ.എസ്ഇ.ബി ഐ ഇരിട്ടി സബ് ഡിവിഷൻ അധികൃതർക്ക് കൈമാറിയത്. പിടിയിലായവരിൽ നിന്ന് 11875 രൂപാ പിഴ ചുമത്തുകയും ചെയ്തു.
ഞായറാഴ്ച രാത്രിയായിരുന്നു മീൻപിടിത്തം. വൈദ്യുതി ലൈനിൽ നിന്ന് വയർ ഘടിപ്പിച്ചു പുഴയിലേക്ക് നേരെ വൈദ്യുതി കടത്തിവിട്ട നിലയിലായിരുന്നു. ഇത്തരത്തിൽ വൈദ്യുതി കടത്തിവിട്ടതിനാൽ 40 കിലോയിലേറെ മീൻ ചത്തതായാണ് കണക്കാക്കുന്നത്. ഇതിനു മുമ്പ് പയ്യാവൂർ, ഉളിക്കൽ, കീഴ്പ്പള്ളി എന്നിവിടങ്ങളിൽ നിന്നെത്തിയ എട്ടു സംഘങ്ങളെ നാട്ടുകാർ പറഞ്ഞുവിട്ടിരുന്നു.