Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്ക് തെറ്റുപറ്റി, വെള്ളപ്പൊക്ക സമയത്ത് ഇവിടെയില്ലാത്തതില്‍ ഖേദമുണ്ട്: മന്ത്രി രാജു

എനിക്ക് തെറ്റുപറ്റി, വെള്ളപ്പൊക്ക സമയത്ത് ഇവിടെയില്ലാത്തതില്‍ ഖേദമുണ്ട്: മന്ത്രി രാജു
തിരുവനന്തപുരം , വ്യാഴം, 23 ഓഗസ്റ്റ് 2018 (17:48 IST)
വെള്ളപ്പൊക്ക സമയത്ത് നാട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നതില്‍ ഖേദമുണ്ടെന്നും സ്ഥിതിഗതികള്‍ മനസിലാക്കുന്നതില്‍ തനിക്ക് തെറ്റുപറ്റിയെന്നും വനം‌മന്ത്രി കെ രാജു. നാട്ടിലെ സ്ഥിതി മനസിലാക്കിയപ്പോള്‍ ഉടന്‍ തിരിച്ചെത്തണമെന്ന് സ്വയം തീരുമാനിച്ചു എന്നും മടങ്ങിവരണമെന്ന് പാര്‍ട്ടി സെക്രട്ടറി അഭ്യര്‍ത്ഥിച്ചെന്നും രാജു വെളിപ്പെടുത്തി.
 
പ്രളയത്തിന്‍റെ സമയത്ത് കോട്ടയം ജില്ലയുടെ ദുരിതാശ്വാസത്തിന്‍റെ ചുമതലയുണ്ടായിരുന്ന മന്ത്രി ജര്‍മ്മനിയിലേക്ക് പോയത് വിവാദമായിരുന്നു. തിരിച്ചെത്തിയ വനം‌മന്ത്രി രാജിവയ്ക്കണമെന്ന് മുറവിളി ഉയരുന്നതിനിടെയാണ് തനിക്ക് തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
 
എല്ലാവരും കരുതുന്നതുപോലെ ജര്‍മ്മനിയില്‍ ഓണാഘോഷമായിരുന്നില്ല. വേള്‍ഡ് മലയാളി കൌണ്‍സിലിന്‍റെ പതിനൊന്നാം ദേശീയ സമ്മേളനത്തിന്‍റെ ഉദ്ഘാടനം നടത്താനാണ് എന്നെ ക്ഷണിച്ചത്. ഈ ക്ഷണം രണ്ടുമാസങ്ങള്‍ക്ക് മുമ്പേ ലഭിച്ചതാണ്. അതിന് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും അനുമതി നല്‍കി. കേന്ദ്ര അനുമതിയും ലഭിച്ചതിന് ശേഷമാണ് പോയത്.
 
മറ്റ് പല രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്ന് ശശി തരൂരും ഇ ടി മുഹമ്മദ് ബഷീറും ഉണ്ടായിരുന്നു. പതിനഞ്ചാം തീയതി രാത്രിയിലാണ് ജര്‍മ്മനിയിലേക്ക് യാത്രയായത്. അവിടെയെത്തി മണിക്കൂറുകള്‍ക്ക് ശേഷം പതിനാറാം തീയതിയാണ് കെടുതികള്‍ കൂടുന്നു എന്നറിയുന്നത്.
 
അപ്പോള്‍ തന്നെ പരിപാടി മതിയാക്കി തിരിച്ചെത്താം എന്ന് തീരുമാനിച്ചു. 17ന് ഉദ്ഘാടനം കഴിഞ്ഞിട്ട് തിരിച്ചുപോകാം, ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവരോട് പറഞ്ഞു. സംഘാടകര്‍ പരമാവധി ശ്രമിച്ചെങ്കിലും പെട്ടെന്ന് ടിക്കറ്റ് ലഭിച്ചില്ല.
 
22ന് രാത്രിയില്‍ തിരിച്ചുവരാനായാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അതിനുമുമ്പ് അവിടെ നിന്ന് ടിക്കറ്റ് ലഭിക്കുക പ്രയാസമായിരുന്നു. സ്ഥിതിഗതികള്‍ മോശമായതുകൊണ്ട് എവിടെനിന്നെങ്കിലും ടിക്കറ്റ് സംഘടിപ്പിക്കാന്‍ ശ്രമിച്ചു. ഉടന്‍ നാട്ടില്‍ തിരിച്ചെത്തണമെന്ന് അപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ അറിയിപ്പും വന്നു. പിന്നീട് ഫ്രാങ്ക് ഫര്‍ട്ടില്‍ നിന്ന് 19ന് ടിക്കറ്റ് ലഭിക്കുകയായിരുന്നു. 
 
സ്വാതന്ത്ര്യദിനത്തില്‍ പ്രസംഗിച്ച ശേഷമാണ് ഞാന്‍ ഇവിടെനിന്നുപോയത്. സ്ഥിതിഗതികള്‍ അപ്പോള്‍ വഷളായിട്ടില്ല. 15ന് രാത്രിയാണ് മഴ കൂടിയത്. 16നാണ് സ്ഥിതി വഷളായത്. പോകുമ്പോള്‍ അങ്ങനെയൊരു സ്ഥിതിയല്ല. വലിയൊരു ദുരിതമാണ് ഉണ്ടായത് ആ സമയത്ത് ഇവിടെ ഇല്ലാതിരുന്നത് മോശമായിപ്പോയി. ഞാന്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ആശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാമായിരുന്നു. ഞാന്‍ അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തില്ല. ഇത് മുന്‍‌കൂട്ടി കാണാന്‍ കഴിഞ്ഞില്ല. 
 
സ്ഥിതിഗതികള്‍ മോശമായി എന്നറിഞ്ഞപ്പോള്‍ ഉടന്‍ തിരിച്ചെത്താന്‍ തീരുമാനിച്ചു. 45 വര്‍ഷമായി രാഷ്ട്രീയത്തിലുള്ളയാളാണ് ഞാന്‍. പ്രളയം വരുമ്പോള്‍ ഒളിച്ചോടുന്ന ആളല്ല. ഇങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ട്. വന്ന അന്നുതന്നെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. പാര്‍ട്ടി സെക്രട്ടറിയോട് എല്ലാം പറഞ്ഞിട്ടുണ്ട്. ഞാന്‍ പോയതിനെ ന്യായീകരിക്കുന്നില്ല. ഈ രീതിയിലുള്ള പ്രളയമുണ്ടാകുമെന്ന് അറിയാത്തതുകൊണ്ടാണ് പോയത്. അസാന്നിധ്യമുണ്ടയതില്‍ ഖേദമുണ്ട് - മന്ത്രി രാജു വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം നേരിട്ടത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമെന്ന് നാസ